India

ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതികരിച്ച ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും

അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യു.പിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എ.സി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക.

ഹ്രസ്വദൂര യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. എട്ട് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എ.സി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക. നിലവില്‍ ലോക്കല്‍ തീവണ്ടികള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍വരെ ഓടുന്നസ്ഥാനത്ത് എ.സി മെമു തീവണ്ടികള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും

ആദ്യഘട്ടത്തില്‍ 26 കോടി ചെലവഴിച്ചാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. 2618 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ സഞ്ചരിക്കാം. എട്ട് കോച്ചുകളിലും രണ്ട് ടോയ്‌ലെറ്റുകള്‍ വീതവും, ജി.പി.എസ് ഇന്‍ഫര്‍മേഷന്‍ സംവിധാവും, ഓട്ടോമേറ്റഡ് ഡോറുകളും, സി.സി.ടി.വി സംവിധാനവും ഉണ്ടാവും.

ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് ബുധനാഴ്ച പരീക്ഷണ ഓട്ടത്തിനയയ്ക്കുമെന്ന് കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മണി പറഞ്ഞു. കോച്ചുകള്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കൈമാറുമെന്നും ഡല്‍ഹിയില്‍നിന്ന് വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അവ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍ രംഗത്തെത്തുന്ന ട്രെയിന്‍ 18മായി സാദൃശ്യമുള്ളതാവും പുതിയ എ.സി കോച്ചുകളെന്നും അധികൃതര്‍ പറഞ്ഞു.

പരീക്ഷണ ഓട്ടം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ ഡല്‍ഹിയില്‍നിന്ന് ഓട്ടം തുടങ്ങും. ഡല്‍ഹിക്കു പിന്നാലെ മുംബൈ സബര്‍ബന്‍ റെയില്‍വെ ആയിരിക്കും എ.സി ലോക്കല്‍ തീവണ്ടികള്‍ ഉപയോഗിക്കുകയെന്നും റെയില്‍വെ വ്യക്തമാക്കി.