Adventure Tourism

അതിശയങ്ങള്‍ ഒളിപ്പിച്ച് കടലില്‍ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ്

നിലവില്‍ ക്രൂയിസ് കപ്പലുകളില്‍ വാട്ടര്‍ സ്ലൈഡ്, വോള്‍ ക്ലൈമ്പിങ്, സിപ് ലൈന്‍ പോലുള്ള വിനോദ പരിപാടികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ഒരു റോളര്‍ കോസ്റ്റര്‍ കപ്പലില്‍ വരുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ പുതിയ മാര്‍ദി ഗ്രാസ് ലൈനറിലാണ് പുതിയ റോളര്‍ കോസ്റ്റര്‍ നിര്‍മ്മിക്കുന്നത്. ബോള്‍ട്: അള്‍ട്ടിമേറ്റ് സീ കോസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. 800 അടി നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ റോളര്‍ കോസ്റ്ററിന്റെ വേഗത 40എംപിഎച്ച് ആണ്.

മ്യൂണിക്ക് ആസ്ഥാനമായ മോറര്‍ റൈഡ്സ് ആണ് ബോള്‍ട് നിര്‍മ്മിക്കുന്നത്. ഈ ഇലക്ട്രിക്ക് റോളര്‍ കോസ്റ്ററിലെ മോട്ടോര്‍സൈക്കിള്‍ പോലുള്ള വാഹനത്തില്‍ രണ്ട് റൈഡേഴ്സിന് യാത്ര ചെയ്യാം. കടല്‍ നിരപ്പില്‍ നിന്ന് 187 അടി ഉയരത്തിലാണ് ഈ റേസ് ട്രാക്ക് ഒരുങ്ങുക. കടലിന്റെ ഒരു 360 ഡിഗ്രി കാഴ്ച ഈ റൈഡില്‍ ആസ്വദിക്കാം.

ബോള്‍ട് റൈഡേഴ്സിനെ എങ്ങനെയാണ് അത്ഭുതപെടുത്തുന്നതെന്ന് വീഡിയോയില്‍ കാണാം. റേസ് കാറില്‍ പോകുന്ന ഒരു അനുഭവമായിരിക്കും ലഭിക്കുക. ഹെയര്‍പിന്‍ വളവുകളും റൈഡ് കൂടുതല്‍ മികച്ചതാക്കുന്നു. റൈഡേഴ്സിന്റെ വേഗത റേസ് കഴിഞ്ഞ് കാണിക്കും. ശേഷം ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. ഓരോ റൈഡറിനും വേഗത നിയന്ത്രിക്കാന്‍ കഴിയും

കാര്‍ണിവലിന്റെ ഏറ്റവും വലിയ കപ്പലായിരിക്കും മാര്‍ദി ഗ്രാസ് എന്ന എക്സ്എല്‍ ക്ലാസ് കപ്പല്‍. 2020-ല്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. എല്‍എന്‍ജി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ആദ്യ കപ്പലായിരിക്കും ഇത്. കാര്‍ണിവല്‍ കോര്‍പ്പറേഷനിന്റെ ഗ്രീന്‍ ക്രൂയിസിങ് പ്ലാറ്റ്ഫോമിന്റെ ഭാഗമാണിത്.

2022-ല്‍ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരിക്കും ഇതിറങ്ങുക. ഫ്ലോറിഡയിലെ പോര്‍ട്ട് കനാവെറല്‍ ആസ്ഥാനമാക്കിയായിരിക്കും ഈ അത്യാധുനിക കപ്പലിന്റെ പ്രവര്‍ത്തനം.