India

യാത്രക്കാരുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം; തീവണ്ടികള്‍ നയിക്കാന്‍ ഇനി ക്യാപ്റ്റന്‍

ഇന്ത്യയിലെ തീവണ്ടികളെ ഇനി ക്യാപ്റ്റന്‍ നയിക്കും. തീവണ്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇനിമുതല്‍ ക്യാപ്റ്റനായിരിക്കും. ദക്ഷിണറെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.

ദീര്‍ഘദൂര തീവണ്ടികളിലാണ് ക്യാപ്റ്റന്റെ സേവനം ലഭ്യമാവുക. സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും ക്യാപ്റ്റനുമായി യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. പരാതികള്‍ തീവണ്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം.

ടിക്കറ്റ് റിസര്‍വ് ചെയ്ത് പോകുന്ന യാത്രക്കാര്‍ക്ക് ക്യാപ്റ്റന്റെ മൊബൈല്‍ നമ്പര്‍ നല്‍കും. തീവണ്ടിയിലെ സൗകര്യങ്ങള്‍ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുക, ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയില്‍ വരും. തീവണ്ടിയിലെ റെയില്‍വേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരും ക്യാപ്റ്റനുമായാണ് ബന്ധപ്പെടേണ്ടത്.

ഏറ്റവും മുതിര്‍ന്ന ടി.ടി.ഇ. ആണ് ഒരു തീവണ്ടിയിലെ ക്യാപ്റ്റന്‍ ആവുക. ക്യാപ്റ്റന് എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേക സീറ്റ് ഉണ്ടാകും. ട്രെയിന്‍ ക്യാപ്റ്റന്‍ എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നല്‍കും. മറ്റുള്ള ടി.ടി.ഇ.മാരില്‍ നിന്നു വ്യത്യസ്തമായി കടുംനീല പാന്റ്‌സും വെള്ളഷര്‍ട്ടും ക്യാപ്റ്റന്‍മാരുടെ യൂണിഫോമാക്കാനാണ് ആലോചിക്കുന്നത്.

ടിക്കറ്റ് പരിശോധനയും ക്യാപ്റ്റന്റെ ജോലിക്കൊപ്പം നിര്‍വഹിക്കുന്ന രീതി തത്കാലം നടപ്പാക്കാനാണ് ആലോചിക്കുന്നത്. പക്ഷേ ഇത് ക്യാപ്റ്റന്റെ ജോലിഭാരം കൂട്ടുകയും പരിഷ്‌കാരംകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ക്യാപ്റ്റന്‍മാരുടെ സേവനം മികച്ചതാക്കണമെങ്കില്‍ ടിക്കറ്റ് പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇപ്പോള്‍ തന്നെ ആവശ്യത്തിന് ടിക്കറ്റ് പരിശോധകരില്ലാത്ത അവസ്ഥയാണ്. പാലക്കാട് ഡിവിഷണില്‍ 501 പേര്‍ വേണ്ടിടത്ത് 430-ഉം തിരുവനന്തപുരത്ത് 623 പേര്‍ വേണ്ടിടത്ത് 500-ല്‍ താഴെയുമാണ് പരിശോധകര്‍