Kerala

മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി കൊച്ചിയില്‍ 900 വിദേശ വിനോദസഞ്ചാരികള്‍ എത്തി

പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നു. യുകെയില്‍ നിന്നുള്ള 900 വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തി. കപ്പല്‍ മാര്‍ഗം രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്.


എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങും. കപ്പലിലെത്തിയവരില്‍ ആയിരത്തോളം പേര്‍ വിമാനത്തിലും വിമാനത്തിലത്തിയവരെല്ലാം കപ്പലിലുമാണ് മടങ്ങുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഇത്ര വലിയ വിദേശ വിനോദസഞ്ചാരികളുടെ സംഘം എത്തുന്നത്.

ഇന്നലെ വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഉച്ചയോടെയെത്തിയ രണ്ടു വിമാനങ്ങളിലായി അറുനൂറോളം വിദേശ സഞ്ചാരികളുണ്ടായിരുന്നു. രണ്ടു ദിവസം സംഘം കേരളത്തില്‍ ചിലവഴിക്കും. 300 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നെത്തും.