Kerala

അലങ്കാര വിളക്കുകളുടെ ഭംഗിയില്‍ ഇനി പുനലൂര്‍ തൂക്കുപാലം

പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം സൗന്ദര്യവത്  കരിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പാലത്തില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇനി പാലത്തിലെ രാത്രികാഴ്ച കൂടുതല്‍ ആകര്‍ഷകമാകും.

പുരാവസ്തുവകുപ്പില്‍നിന്ന് അനുവദിച്ച 18.80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തില്‍ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണ പ്രവൃത്തികളും നടക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാലത്തിന്റെ ഇരുവശത്തെയും ഗര്‍ഡറുകളില്‍ ഇരുമ്പുവല സ്ഥാപിക്കല്‍, ചായംപൂശല്‍, പ്രവേശനകവാടത്തില്‍ തറയോട് പാകല്‍, ബഞ്ചുകള്‍ സ്ഥാപിക്കല്‍, പൊട്ടിയ നടപ്പലകകള്‍ മാറ്റല്‍ തുടങ്ങിയവയാണ് നവീകരണ ജോലികളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വശങ്ങളില്‍ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.

രാത്രി പാലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനാണ് അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി ഫോക്കസ് ലൈറ്റുകളാണ് ഘടിപ്പിക്കുന്നത്. ഇരുകവാടങ്ങളിലും വശങ്ങളിലുമായി 40 ബള്‍ബുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രകാശസംവിധാനം.

1877-ല്‍ കല്ലടയാറിന്‍ കുറുകെ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആര്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലമാണിത്. ഏറെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പാലം മൂന്നുവര്‍ഷംമുന്‍പാണ് വിപുലമായി പുനരുദ്ധരിച്ചത്. ഒന്നേകാല്‍ കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.