കുറിഞ്ഞി കാണാന്‍ കുളച്ചി വയലിലേക്ക്‌ വരൂ..

മൂന്നാറില്‍ നീല വസന്തം തുടരുന്നു. രാജമലയില്‍ പൂക്കള്‍ കുറഞ്ഞപ്പോള്‍ മറയൂർ, കാന്തല്ലൂർ മലനിരകളിലെത്തുന്ന സഞ്ചാരികൾക്ക് നീല വസന്തമൊരുക്കി കുറിഞ്ഞിപ്പൂക്കൾ. കാന്തല്ലൂർ പഞ്ചായത്തിൽ കുളച്ചി വയൽ ഭ്രമരം സൈറ്റിന് താഴ്ഭാഗത്തായിട്ടാണ് ഇപ്പോൾ കുറിഞ്ഞി പൂത്തുനിൽക്കുന്നത്. വാഹനമിറങ്ങി നൂറുമീറ്റർ മാത്രം നടന്നാൽ ഈ പ്രദേശത്ത് എത്താം.

കുളച്ചി വയലിലെ നീല വസന്തത്തെ കാണാൻ തടസ്സവുമില്ല. കാലാവസ്ഥാ വ്യതിയാനം മൂലം നീലക്കുറിഞ്ഞിപ്പൂക്കൾ വിടർന്നു കഴിഞ്ഞാൽ അധികകാലം നിലനില്ക്കുന്നില്ല. കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തെ കോൺക്രീറ്റ് റോഡിലൂടെ രണ്ട് കിലോമീറ്റർ പോയാൽ ഭ്രമരം സൈറ്റിലെത്താം. അവിടെയിറങ്ങി 100 മീറ്റർ താഴെക്ക് നടന്നാൽ കുറിഞ്ഞിപ്പൂക്കള്‍ കാണാം.അതുപോലെ, കാന്തല്ലൂരിലെ ഫാമുകളിൽ ഓറഞ്ച് വ്യാപകമായി വിളഞ്ഞ് നില്ക്കുന്നതും കാഴ്ചയാകുകയാണ്. മഞ്ഞ് മൂടിയ മലനിരകളുടെ കാഴ്ചയും ശീതകാല പച്ചക്കറി, പഴവർഗ പാടങ്ങളുടെ കാഴ്ചകളും മനം നിറയ്ക്കും.