News

തിര മുറിച്ചു വേഗമെത്താം; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസ് ഈ മാസം മുതല്‍

വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം?

വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ഇതിന് 12 ആണ്. ഓഫിസ് സമയത്തിനനുസൃതമായി രാവിലെയും വൈകിട്ടും സർവിസ് ഉണ്ടാകും. കൂടുതൽ സർവിസുകൾ, സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പി​ന്‍റെ അരൂരിലെ യാർഡിൽ 1.90 കോടി രൂപ ചെലവിൽ നിർമിച്ച ഇരട്ട എൻജിനുള്ള കെറ്റാമറൈൻ ബോട്ടാണ് സർവീസിന് ഉപയോഗിക്കുന്നത്. രണ്ട് ഹള്ളുകളോടുകൂടിയ ബോട്ടിന് ഏഴ് മീറ്റർ വീതിയും 22 മീറ്റർ നീളവുണ്ട്. 120 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിൽ 40 സീറ്റുകൾ ശീതീകരിച്ചതാകും.ഇവിടെ ടിക്കറ്റ് നിരക്ക് കൂടും. ബോട്ടിൽ സ്നാക് ബാറും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് സ്റ്റോപ്പുകളിൽ കൂടുതൽ ബോട്ടിന് ഉണ്ടാകില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള സർവിസിന് മുന്നോടിയായി ട്രയൽ റൺ നടത്തിയിരുന്നു.

കാക്കനാട്ടേക്കുള്ള യാത്രക്കാർക്ക് തേവര ഫെറിയിലിറങ്ങി കണക്ഷൻ ബോട്ട് വഴി അവിടേക്ക് പോകാനും സൗകര്യമുണ്ട്.കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന് ആവശ്യം ഉയർന്നെങ്കിലും യാത്രാസമയത്തെ ബാധിക്കുമെന്നതിനാൽ പരിഗണിച്ചിട്ടില്ല.

വൈക്കത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാർഗം ഒന്നര മണിക്കൂറാണ് യാത്രാസമയം. എന്നാൽ, ഗതാഗതക്കുരുക്ക് മൂലം ഇത് പലപ്പോഴും രണ്ട് മണിക്കൂർ വരെയാകാറുണ്ട്. വൈക്കം ഭാഗത്തുനിന്ന് എറണാകുളത്ത് ജോലിക്കും പഠനത്തിനുമായി എത്തുന്നവർക്ക് ബോട്ട് സർവിസ് ഏറെ ഉപകാരപ്രദമായിരിക്കും. വേമ്പനാട്ട് കായലി​െൻറ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം വിനോദസഞ്ചാര മേഖലക്കും മുതൽക്കൂട്ടാകുമെന്ന് കരുതുന്നു. ബോട്ടി​െൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെന്നും ഒരാഴ്ചക്കകം രജിസ്ട്രേഷൻ ലഭിക്കുമെന്നും ജലഗതാഗത ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് വിദേശയാത്ര കഴിഞ്ഞെത്തിയശേഷം അദ്ദേഹത്തി​ന്‍റെ സൗകര്യം കൂടി കണക്കിലെടുത്താകും ഉദ്ഘാടന തീയതി തീരുമാനിക്കുക. ഇതേ മാതൃകയിൽ ആലപ്പുഴ-കുമരകം-കോട്ടയം ബോട്ട് സർവീസും ജല ഗതാഗത വകുപ്പിന്‍റെ പരിഗണനയിലുണ്ട്.