Kerala

കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്.

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന്‍ ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി.

എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന്‍ നീണ്ടു നില്‍ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന്‍ നേരത്തെ അവസാനിക്കാന്‍ കാരണമായത്.