News

കെട്ടുകാളകള്‍ ഒരുക്കി കേരള ടൂറിസം

കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലെ കേരള ടൂറിസം സ്റ്റാളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ട് കൂറ്റന്‍ കെട്ടുകാളകള്‍. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ നേരിട്ടുള്ള അനുഭവമാണ് ഈ സ്റ്റാളിലെ കാഴ്ചകളെല്ലാം.

കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തമായത്. കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയാണ് കെട്ടുകാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധം. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു.

കേരള ട്രാവല്‍മാര്‍ട്ടിലൊരുക്കിയിരിക്കുന്ന കെട്ടുകാഴ്ചകള്‍ യഥാര്‍ത്ഥ വലിപ്പത്തിലുള്ളവയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. പാലക്കാട്ടും തെക്കന്‍കേരളത്തിലും കെട്ടുകാഴ്ചകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ കെട്ടുകാഴ്ചകളില്‍ അലങ്കാരപ്പണികള്‍ കൂടുതലായി കാണാം. എന്നാല്‍ പാലക്കാട്ടേക്ക് ചെല്ലുമ്പോള്‍ ഗ്രാമങ്ങള്‍ തോറും ഇത്തരം രൂപങ്ങള്‍ കാണാമെന്നും റാണി ജോര്‍ജ് പറഞ്ഞു.

ചെട്ടിക്കുളങ്ങര ഭരണി, പാലക്കാട് ചെനക്കത്തൂര്‍ പൂരം എന്നിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടുകാഴ്ച ഉത്സവങ്ങള്‍. ചെട്ടിക്കുളങ്ങരയില്‍ രഥങ്ങളില്‍ അലങ്കരിച്ച 17 കെട്ടുകാഴ്ചകളാണ് പടനിലങ്ങളിലെത്തിക്കുന്നത്. കുതിരകളുടെ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന രഥങ്ങളില്‍ ഭീമന്‍, ഹനുമാന്‍ എന്നിവരുടെ രൂപങ്ങളും വയ്ക്കും.

കേരളത്തിലെയും തമിഴ്നാട്ടിലെയും കൊയ്ത്തു കാലത്തെ ഗ്രാമീണ ഉത്സവങ്ങളാണിത്. കേരളത്തിലുടനീളമുള്ള ദേവീക്ഷേത്രങ്ങളില്‍ കാളകളി പോലുള്ള കലാരൂപങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കേരള ടൂറിസത്തിന്‍റെ ലിവ് ഇന്‍സ്പയേഡ് എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് കെടിഎമ്മില്‍ കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്.