News

ടൂറിസം വേണം,കയ്യേറ്റം അനുവദിക്കില്ല; മുഖ്യമന്ത്രി. കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം

ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ.

പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. അനുവദിച്ചാല്‍ ടൂറിസ്റ്റുകള്‍ പിന്തിരിയും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാണ് കഴിഞ്ഞ പ്രളയം ഓര്‍മിപ്പിച്ചത്.
പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക് നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു.
ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ടൂറിസം മേഖലയുടെ ആകര്‍ഷണീയതയിലും കരുത്തിലും ഈ മേഖലയിലുള്ളവര്‍ക്കുള്ള വിശ്വാസമാണ് ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.

ടൂറിസം കേന്ദ്രങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയും, ഭംഗിയും ഉറപ്പു വരുത്തിക്കൊണ്ടാകണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കേരളത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകളും ജനജീവിതത്തിന്‍റെ പ്രത്യേകതകളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പദ്ധതികളാണ് പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

മഴക്കാല ടൂറിസത്തെക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായം ടൂറിസം മേഖലയില്‍ നിന്നുതന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ച് ടൂറിസം കലണ്ടര്‍ പുനര്‍ നിര്‍ണയിക്കണം. തദ്ദേശ വാസികള്‍ക്ക് വരുമാനം ലഭ്യമാകുന്ന ഉത്തരവാദ ടൂറിസത്തിന്റെ കേന്ദ്രമായി കേരളം മാറുകയാണ് ലക്‌ഷ്യം.

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരുടെ സഹായം വലുതാണ്‌. കേരള ട്രാവല്‍ മാര്‍ട്ടും സ്വകാര്യ മേഖലയുടെ മുന്‍കയ്യില്‍ നടത്തുന്നതാണ്. നവകേരള നിര്‍മിതിക്കും ഈ സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനത്തിന്‍റെ പ്രതീകമാണ് കേരള ട്രാവല്‍ മാര്‍ട്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ കേരളത്തോടൊപ്പം നിന്നതിന് ലോകമെമ്പാടുമുള്ള ടൂറിസം വാണിജ്യ മേഖലയ്ക്ക് നന്ദി പറയുന്നു. കേരളം തുടങ്ങി വച്ച ഉത്തരവാദിത്ത ടൂറിസം എന്ന ആശയം ഇന്ന് രാജ്യമൊട്ടാകെ നടപ്പാക്കി വരുകയാണ്.പുതിയ ലോകത്തിലെ സാധ്യതകളുമായി കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ആശയവിനിമയം നടത്താനും വാണിജ്യ സാധ്യതകള്‍ കണ്ടെത്താനുമുള്ള മികച്ച വേദിയാണ് കെടിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വന്നിരിക്കുന്നു വെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ടൂറിസം മന്ത്രി കെ ജെ അല്‍ഫോണ്‍സ് പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം തയ്യാറായി. രാജ്യത്തെ ടൂറിസം രംഗം അതിവേഗം വളരുന്നു. ഈ അവസരം മുതലാക്കാന്‍ കേരളത്തിലെ ടൂറിസം രംഗം പരിശ്രമിക്കണമന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ വിനോദസഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് കെടിഎം-2018 ന്‍റെ പ്രധാന പ്രതീകമായി മലബാറിനെ തെരഞ്ഞെടുത്തതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കെ വി തോമസ്, എം എ യൂസഫ് അലി, എംഎല്‍എമാരായ ഹൈബി ഈഡന്‍, തോമസ് ചാണ്ടി, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ പി ബാലകിരണ്‍, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ്, കെടിഡിസി എംഡി ആര്‍ രാഹുല്‍, കെടിഎം സൊസൈറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.