News

കേരള ടൂറിസത്തിന്റെ ഉണര്‍വ് അത്ഭുതകരമെന്ന് കേന്ദ്രമന്ത്രി

കേരളത്തില്‍ പ്രളയാനന്തര വിനോദസഞ്ചാരമേഖലയിലെ ഉണര്‍വ്വ് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വെന്‍ഷന്‍ സെന്‍റററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്‍റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്.

വിവിധ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു എന്നതിന്‍റെ അനുകൂല സൂചനയാണ് കെടിഎം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവിലിയനും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റാളുകളും പവിലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു.

സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് വിദഗ്ധ സമിതി അംഗം എബ്രഹാം ജോര്‍ജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മലബാറിന് പ്രാമുഖ്യം നല്‍കുന്ന നാലു ദിവസത്തെ കെടിഎം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 1600 ബയര്‍മാര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതില്‍ മൂന്നിലൊന്നു ഭാഗവും 66 വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.

പൊതുസ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കു മാത്രമേ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന കെടിഎം ബിസിനസ് മീറ്റുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഞായറാഴ്ച പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.