India

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍

ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട്  നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു.

കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്.

ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്.

ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ നീണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്, 1992 ഒക്ടോബര്‍ 10 നാണ് ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ നാമം നല്‍കി, പൊതുജനങ്ങള്‍ക്കായി പാലം തുറന്നു കൊടുത്തത്. ഒരുദിവസം 85,000 വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ളശേഷി ഈ പാലത്തിനുണ്ട്.


ഹൂഗ്ലി നദിയും, ഉദയാസ്തമയങ്ങളും വളരെ വ്യക്തമായി കാണാമെന്നതുകൊണ്ടുതന്നെ ഈ പാലത്തില്‍ നിന്നു കാഴ്ചകള്‍ കാണാന്‍ ധാരാളം സഞ്ചാരികളെത്താറുണ്ട്. സൂര്യാസ്തമയത്തിന്റെ അതിസുന്ദരമായ ദൃശ്യങ്ങള്‍ സമ്മാനിക്കാന്‍ ഹൂഗ്ലി നദിയുടെ കുറുകെയുള്ള ഈ സേതുവിന് സാധിക്കും.

നദിയുടെയും പാലത്തിന്റെയും പശ്ചാത്തലത്തിലുള്ള സൂര്യാസ്തമയ കാഴ്ചകളും ചിത്രങ്ങളും ഏറെ സുന്ദരമാണ്. ചിത്രങ്ങള്‍ പകര്‍ത്താനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളും കുറവല്ല. കൊല്‍ക്കത്തയുടെ തിരക്കുകളൊഴിയുന്ന രാത്രിയില്‍ ദീപത്തില്‍ കുളിച്ചു നില്‍ക്കുന്ന വിദ്യാസാഗര്‍ സേതു ആരുടേയും മനംകവരുന്ന കാഴ്ചയാണ്.

പൊതു, സ്വകാര്യ മേഖല സംയുക്തമായാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ടുപതിറ്റാണ്ടിലധികം നിര്‍മാണം നടന്ന വിദ്യാസാഗര്‍ സേതുവിന് ചെലവായത് അക്കാലത്തെ ഏറ്റവും ഭീമമായ തുകയാണ്, 388 കോടി രൂപ. ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്. സൈക്കിള്‍ സവാരിക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കപ്പെട്ടിട്ടുള്ള ടോള്‍പാലം എന്ന പ്രത്യേകതയും വിദ്യാസാഗര്‍ സേതുവിനുണ്ട്.

കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമായ വിദ്യാസാഗര്‍ സേതു തുറന്നുകൊടുത്തപ്പോള്‍ മുതല്‍ തന്നെ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ച സമ്മാനിക്കുന്ന ഈ പാലവും സഞ്ചാരികളുടെ തിരക്കേറെ അനുഭവപ്പെടുന്ന കൊല്‍ക്കത്തയിലെ മനോഹരമായയിടങ്ങളിലൊന്നാണ്.