കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു

കണ്ണുകള്‍കൊണ്ട് കാണുന്ന നിരവധി കാര്യങ്ങള്‍ മസ്തിഷ്‌കത്തിന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിന്റെ സാധ്യതകളുപയോഗപ്പെടുത്തി ശാസ്ത്രത്തിന്റെ കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു. സന്ദര്‍ശകര്‍ക്കും പ്രദര്‍ശനത്തിന്റെ ഭാഗമാകാമെന്നതാണ് ഇവിടത്തെ പ്രത്യേകത.

ദുബൈ ക്രീക്കിലെ അല്‍ സീഫിലാണ് അന്താരാഷ്ട്ര മ്യൂസിയം ശൃംഖലയുടെ ഭാഗമായി ലോകത്തെ ഒന്‍പതാമത്തെ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നത്. ഏതുപ്രായക്കാരുടെയും മനസ്സിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന 80-ഓളം സംവേദനാത്മകമായ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ശാസ്ത്രം, കണക്ക്, ബയോളജി, മനശ്ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരുസംഘം ക്രോയേഷ്യന്‍ ഡിസൈനര്‍മാരാണ് യുക്തിയെ വെല്ലുവിളിക്കുന്ന ഇല്യൂഷന്‍സ് രസകരമായി ഇവിടെ സജ്ജമാക്കിയത്. വ്യത്യസ്തമായ വിഷ്വല്‍-സെന്‍സറി അനുഭവങ്ങള്‍ നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സിന്റെ ഏറ്റവും വലിയ ശേഖരവും ഇവിടെയെത്തുന്ന സന്ദര്‍ശകരെ വിസ്മയിപ്പിക്കും.

ഒരു വിളക്കിന് കീഴെയുള്ള മേശമേലിരുന്നാല്‍ കാണുന്നത് നിങ്ങളുടെ അഞ്ച് ക്ലോണുകള്‍. മറ്റൊരു മുറിയില്‍ രണ്ടുവശത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ടു വലുപ്പം. ഇന്‍ഫിനിറ്റി റൂമിലെ ഇടനാഴിയില്‍ക്കൂടി നേരെ നടക്കാന്‍ പറ്റില്ല, കറങ്ങിക്കറങ്ങിയാകും നടത്തം. താലത്തില്‍ എടുത്തുവെച്ച സ്വന്തം തലയുടെ ചിത്രവും സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് പകര്‍ത്താം.

സാധാരണ മ്യൂസിയങ്ങളില്‍നിന്ന് വിഭിന്നമായി സന്ദര്‍ശകര്‍കൂടി പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നതിനാല്‍ വെറും കാഴ്ചമാത്രമല്ല, ഇതെന്തുകൊണ്ട് എന്ന പഠനം കൂടിയാകുന്നു ഇവിടത്തെ അനുഭവങ്ങള്‍. കൂടുതല്‍ രസംപകരാന്‍ വരുംദിവസങ്ങളില്‍ മജീഷ്യന്‍മാരും മ്യൂസിയത്തിലെത്തും.

ഞായറാഴ്ചമുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 12 മണി വരെയുമാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 80 ദിര്‍ഹവും കുട്ടികള്‍ക്ക് 60 ദിര്‍ഹവുമാണ് പ്രവേശനഫീസ്. അഞ്ചുവയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.