Kerala

മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങള്‍ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറില്‍ നിന്ന് മറയൂറിലേക്കും ഉടുമല്‍പേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകര്‍ന്നത്.

പഴയ പാലത്തിന് സമാന്തരമായി കന്നിയാറിന് കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. വെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ പൈപ്പുകള്‍ക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കിയിട്ടുണ്ട്. മൂന്നാഴ്ചയായി നാട്ടുകാര്‍ ജീവന്‍ പണയം വച്ചാണ് പാലം കടന്നിരുന്നത്.

പെരിയവര പാലം മൂന്നാറിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്ന രാജമലയിലേക്ക് മൂന്നാറില്‍ നിന്ന് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് പെരിയവര പാലം. പാലം തുറന്നതോടെ രാജമലയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തല്‍. കാലവസ്ഥ അനൂകൂലമായാല്‍ രണ്ടാഴ്ചക്കുള്ളില്‍ രാജമലയില്‍ നീലക്കുറിഞ്ഞി പൂക്കും.