Places to See

ഇതാ പാതാളത്തിലേക്കുള്ള രഹസ്യ കവാടം

പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള മെക്‌സിക്കോയിലെ പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള ഒരു രഹസ്യ ടണല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവര്‍ തന്നെ അടച്ചുപൂട്ടിയിരുന്നു. രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകള്‍ ഉണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ‘സെനോട്‌സ്’ എന്നാണ് ഈ വെള്ളം നിറഞ്ഞ ഗുഹകള്‍ അറിയപ്പെടുന്നത്. മെക്‌സിക്കോയിലെ യുകാത്താന്‍ സംസ്ഥാനത്ത് ശുദ്ധ ജലം ലഭിക്കുന്ന ഏക സ്രോതസ്സ് ആണ് ഇത്. മായന്‍ സംസ്‌കാരത്തിന് ഇത് ഇല്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മായന്‍ കോസ്‌മോളജിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഈ ‘സെനോട്‌സ്’.

മായന്‍മാരുടെ കാലത്ത് ഇത്തരം ഗുഹകളില്‍ ആളുകളെ കുരുതികൊടുത്തിരുന്നതെന്നാണു ഗവേഷകരുടെ അനുമാനം. ചാക് എന്ന മഴ ദൈവത്തെ പ്രീതിപ്പെടുത്താനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ‘മായന്മാര്‍ക്ക് സെനോട്‌സ് പാതാളത്തേക്കുള്ള ഒരു കവാടം ആയിരുന്നു,’ ഗ്രേറ്റ് മായന്‍ അക്യൂഫെര്‍ പ്രൊജക്റ്റ് ടീം ലീഡര്‍ ആയ ഗവേഷകന്‍ ഗിലെര്‍മോ ഡി ആന്‍ഡ പറഞ്ഞു. ‘പ്രപഞ്ചത്തിന് മൂന്ന് പാളികള്‍ ഉണ്ടെന്നാണ് മായന്മാരുടെ വിശ്വാസം- സ്വര്‍ഗം, ഭൂമി, പാതാളം. ഇതില്‍ പാതാളത്തിനായിരുന്നു അവര്‍ പ്രാധാന്യം കല്‍പിച്ചിരുന്നത്. പാതാള ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു അവര്‍ ആളുകളെ കുരുതികൊടുത്തിരുന്നത്,’- അദ്ദേഹം വ്യക്തമാക്കി.

രഹസ്യ ഗുഹ

16-ാം നൂറ്റാണ്ടില്‍ സ്പാനിഷുകാര്‍ മെക്‌സിക്കോയില്‍ എത്തുന്നതു വരെ മായന്‍ സംസ്‌കാരം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സംസ്‌കാരങ്ങളില്‍ ഒന്ന്. യുകാത്താന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിഷന്‍ ഇത്സാ നഗരമായിരുന്നു അവരുടെ താവളം. 4 ചതുരശ്ര മൈലുകള്‍ പരന്നു കിടക്കുന്ന ഈ സ്ഥലം എഡി 5-ാം നൂറ്റാണ്ടിലും എഡി 6-ാം നൂറ്റാണ്ടിലുമാണ് നിര്‍മ്മിച്ചത്. സ്പാനിഷുകാര്‍ എത്തിയതോടെ ഈ നഗരം ഉപേക്ഷിക്കപ്പെട്ടു.

എല്‍ കാസ്റ്റില്ലോ പിരമിഡ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കുകുല്‍കന്‍ എന്ന നാഗദൈവത്തിന്റെ ക്ഷേത്രമാണ് ഇത്. മായന്മാരുടെ കഥകളില്‍ ദേഹം മുഴുവന്‍ ചിറകുള്ള ഒരു പാമ്പാണു കുകുല്‍കന്‍. 79 അടി ഉയരമുണ്ട് ഈ പിരമിഡിന്. 365 പടികളുണ്ട് ഇതിന്.

ചിഷന്‍ ഇത്സായില്‍ നാല് സെനോട്‌സ് കാണാം. രണ്ടു വര്‍ഷം മുന്‍പാണ് മെക്‌സിക്കന്‍ ശാസ്ത്രജ്ഞന്‍ റെനേ ചാവേസ് സെഗുര എല്‍ കാസ്റ്റില്ലോയിന് അടിയില്‍ ഒരു രഹസ്യ ഗുഹ ഉണ്ടെന്ന് മനസിലാക്കിയത്. എന്നാല്‍ ഗവേഷകര്‍ക്ക് ഇതുവരെ അവിടെ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ വെള്ളം നിറഞ്ഞ ഗുഹ ഗിലെര്‍മോ സംഘം അവിടെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ നവംബറില്‍ അവര്‍ ചിഷന്‍ ഇത്സായിലെ ഒസ്സുവരി എന്ന ചെറിയ പിരമിഡില്‍ നിന്ന് രണ്ട് ഭൂഗര്‍ഭ പാതകള്‍ കണ്ടെത്തി. ഇത് എല്‍ കാസ്റ്റില്ലോ പിരമിഡിന് അടിയിലേക്കുള്ള പാതയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മയന്മാര്‍ ഈ പാത കല്ല് ഉപയോഗിച്ച് അടച്ചിരുന്നു.

ലോകത്തിന്റെ മധ്യ ഭാഗം’

എല്‍ കാസ്റ്റില്ലോയിന്റെ അടിയിലെ സെനോട്ടില്‍ കടക്കാനുള്ള തിടുക്കത്തിലാണ് ഗവേഷകര്‍. ഇതിനായി രഹസ്യ ടണല്‍ വൃത്തിയാക്കുകയാണ് അവര്‍. മൂന്ന് മാസത്തിനുള്ളില്‍ ഖനനം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് മെക്‌സിക്കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജിയിലെ ഗവേഷകനായ ഡി ആന്‍്ഡ പറയുന്നു. എല്‍ കാസ്റ്റില്ലോയിന്റെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാര്‍ ഭാഗങ്ങളില്‍ സെനോറ്റുകള്‍ ഉണ്ട്.

എല്‍ കാസ്റ്റില്ലോയിന്റെ അടിയിലെ സെനോട്ട് ‘ആക്‌സിസ് മുണ്ടി’ അഥവാ ‘ലോകത്തിന്റെ മധ്യഭാഗം’ ആണെന്നാണ് ഡി ആന്‍ഡ വിശ്വസിക്കുന്നത്. ഇത് മായന്‍ വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതാണ്. ഏതായാലും മായന്മാരുടെ പാതാളത്തിലേക്കുള്ള ഈ രഹസ്യ കവാടം സന്ദര്‍ശിക്കാന്‍ ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.