Trade News

കേരള ട്രാവല്‍ മാര്‍ട്ട്; സഹായത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് ടൂറിസം മേഖല

പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല മെല്ലെ കരകയറുകയാണ്. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ടൂറിസം മേഖല പുനരുജ്ജീവനത്തിനുള്ള മികച്ച അവസരമായി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെ(കെടിഎം)നെയാണ്. ഈ മാസം 27 മുതല്‍ 30വരെയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനുള്ള സഹായം ധനവകുപ്പ് തടയുമോ എന്ന ആശങ്ക ടൂറിസം വകുപ്പിനുണ്ട്. ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല ടൂറിസം വികസനത്തിന്‌ ആവശ്യമാണെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രാവല്‍ മാര്‍ട്ടില്‍ 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 400 കമ്പനികള്‍ അടക്കം 1500 ടൂറിസം സംരംഭകര്‍ പങ്കെടുക്കും. അഞ്ചു കോടിയിലേറെ ചെലവു വരുന്ന ട്രാവല്‍ മാര്‍ട്ടിന് സര്‍ക്കാര്‍ സഹായം രണ്ടു കോടി രൂപ മാത്രമാണ്. അയ്യായിരത്തിലേറെ ഹോട്ടല്‍ മുറികളും സ്വകാര്യമേഖല ട്രാവല്‍ മാര്‍ട്ടിനായി സൗജന്യമായി നല്‍കുന്നുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ട്രാവല്‍ മാര്‍ട്ട് നടക്കുമെന്ന് കഴിഞ്ഞ ടൂറിസം ഉപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടൂറിസം രംഗത്തെ പ്രമുഖര്‍ ടൂറിസം ന്യൂസ് ലൈവിനോട് ;

ഇ എം നജീബ്
(കെടിഎം സ്ഥാപകാംഗം, മൂന്നു തവണ കെടിഎം പ്രസിഡന്റ്, അയാട്ടോ ദേശീയ വൈസ് പ്രസിഡന്റ്)

നവകേരള നിര്‍മിതിയിലാണ് മലയാളികള്‍. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ടൂറിസം മേഖല കേരള ട്രാവല്‍ മാര്‍ട്ടിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. കെ ടി എമ്മിന് നിലവിലെ കേരള സാഹചര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കെടിഎം വിജയകരമായി നടക്കുന്നു. ഇത് പത്താം പതിപ്പാണ്‌. കേരളം സുരക്ഷിതമാണ്, ഇവിടേയ്ക്ക് സധൈര്യം വരൂ എന്ന സന്ദേശം ലോകത്തിനു നല്‍കാനുള്ള അവസരം കൂടിയാണിത്. കെടിഎമ്മിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണ്. ഇക്കാര്യത്തില്‍ ടൂറിസം മന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കും. സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്ക് അനുകൂലമായി നില്‍ക്കുമെന്നതില്‍ സംശയമില്ല.

 

 

ബേബി മാത്യു സോമതീരം
(കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ്)

കേരള ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല. ടൂറിസം മേഖലയിലെ കൊടുക്കല്‍- വാങ്ങല്‍ (ബയര്‍-സെല്ലര്‍ ) മീറ്റിംഗാണ്. ടൂറിസം വകുപ്പുമായി കെടിഎം സൊസൈറ്റി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. നവകേരള നിര്‍മിതിയിലാണ് ഈ നാട്. ഇവിടം സഞ്ചാരികള്‍ക്ക് സജ്ജമായിക്കഴിഞ്ഞു എന്നസന്ദേശം നല്‍കുക കൂടിയാണ് ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ട് നല്‍കുന്നത്. അതുകൊണ്ട് കെടിഎമ്മിനുള്ള സഹായം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

 

 

പി കെ അനീഷ്‌ കുമാര്‍
(കേരള ട്രാവല്‍ മാര്‍ട്ട് മുന്‍ സെക്രട്ടറി, അറ്റോയ് പ്രസിഡന്റ്)
കേരളത്തിലെ ടൂറിസം രംഗത്തെ പുനരുദ്ധരിക്കാനുള്ള അവസരമാണ് കേരള ട്രാവല്‍ മാര്‍ട്ട്. പൊതു-സ്വകാര്യ മേഖല തോളോട് തോള്‍ ചേര്‍ന്നുള്ള ഈ പരിപാടി വിജയിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ബാധ്യതയാണ്. കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണിത്. അല്ലാതെ ആഘോഷമല്ല. വാസ്തവത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനു സഹായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്.