News

സഞ്ചാരികള്‍ വന്നു തുടങ്ങി; ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ വീണ്ടും ഓളപ്പരപ്പില്‍

നിര്‍ത്താതെ പെയ്ത മഴയ്ക്കും  കായല്‍ കൂലം കുത്തിയൊഴുകിയ നാളുകള്‍ക്കും വിട.  പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ വീണ്ടും ഹൗസ്ബോട്ടുകള്‍ സഞ്ചാരം തുടങ്ങി. അപ്രതീക്ഷിതമായി പെയ്ത തോരാമഴ കനത്ത നഷ്ടമാണ് ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്കു വരുത്തിവെച്ചത്. പ്രഥമ ബോട്ട് ലീഗും നെഹ്‌റു ട്രോഫി വള്ളം കളിയും മണ്‍സൂണ്‍ ടൂറിസവുമായി പാക്കേജുകള്‍ പ്രഖ്യാപിച്ചു കാത്തിരുന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായ മേഖല.

പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് കരകയറാന്‍ ആവില്ലെങ്കിലും മെല്ലെ മെല്ലെ പഴയ നിലയിലെത്താനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ സെക്രട്ടറിയും കൈനകരി സ്പൈസ് റൂട്സ് ഉടമയുമായ ജോബിന്‍ ജെ അക്കരക്കളം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

സ്പൈസ് റൂട്സിന്റെ ആഡംബര ഹൗസ്ബോട്ടുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. അമേരിക്കക്കാരായ സൂസി റോസും എലിസബത്ത്‌ ഹോണ്‍സ്റ്റെയിനുമാണ് സഞ്ചാരത്തിനെത്തിയത്. ഇരുവരെയും സ്പൈസ് റൂട്ട്സ്  പ്രതിനിധികള്‍ സ്വീകരിച്ചു.

തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘം ഇന്നലെ ആലപ്പുഴയില്‍ ഹൗസ്ബോട്ട് സവാരിക്കെത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.ഇന്നലെ മാത്രം പത്ത് ഹൗസ്ബോട്ടുകളും ഷിക്കാരകളും ആലപ്പുഴയില്‍ സര്‍വീസ് നടത്തി.

നഷ്ടം 150 കോടി

പ്രളയക്കെടുതി ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായത്തിന് മാത്രം വരുത്തിവെച്ച നഷ്ടം 150 കോടി കവിയും. ഇവിടെയുള്ള ആയിരക്കണക്കിന് ഹൗസ്ബോട്ടുകളുടെ വരുമാനം പ്രതിമാസം ശരാശരി 50കോടി രൂപയ്ക്ക് മുകളിലായിരുന്നു. ജീവനക്കാര്‍ ഏറെയും കുട്ടനാട്ടുകാരാണ്. ഇവരുടെ വരുമാനത്തിലുണ്ടായ നഷ്ടം വേറെ. ഒപ്പം അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും പ്രളയം കനത്ത നഷ്ടമാണ് വരുത്തിയത്. ടൂറിസത്തെ ആശ്രയിച്ചു മാത്രം ഉപജീവനം നടത്തുന്ന 25,000ലേറെ പേരാണ് കുട്ടനാട്ടിലുള്ളത്.
കുട്ടനാടിന്‍റെ മറ്റു വരുമാന മാര്‍ഗമായ കൃഷിയും മത്സ്യകൃഷിയും പ്രളയത്തില്‍ പാടെ തകര്‍ന്നു. മത്സ്യ കൃഷിക്കാര്‍ വളര്‍ത്തിയിരുന്ന പിരാന ഇനത്തില്‍ പെട്ട നെട്ടര്‍ മത്സ്യങ്ങള്‍ കായലിലേക്ക് എത്തി.

ആശ്വാസവുമായി ഹൗസ്ബോട്ടുകള്‍

പ്രളയം കുട്ടനാട്ടില്‍ ദുരിതം വിതച്ചപ്പോള്‍ അവര്‍ക്ക് ആശ്വാസമേകാനും ഹൗസ്ബോട്ട് ഉടമകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. പല ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിച്ചത് ഹൗസ്ബോട്ടുകളിലാണ്. എന്നാല്‍ ദുരിതബാധിതരുടെ അടുത്തെത്താന്‍ ഹൌസ്ബോട്ടുകള്‍ക്കു പ്രളയകാലത്ത് സാധിച്ചില്ല. പലേടത്തും പാലങ്ങള്‍ വലിയ ഉയരത്തിലല്ല നിര്‍മിച്ചിരിക്കുന്നത്. ജലനിരപ്പുയര്‍ന്നപ്പോള്‍ ഹൗസ്ബോട്ടുകള്‍ക്ക് ഈ ചെറിയ പാലങ്ങള്‍ മറികടക്കാനായില്ല. തങ്ങളുടെ തന്നെ സ്പീഡ് ബോട്ടുകളിലും ഷിക്കാരകളിലുമാണ് പലരെയും രക്ഷപെടുത്തിയതെന്നു ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ അംഗവും ഹോളിഡെ ഹോം ഉടമയുമായ കുഞ്ഞുമോന്‍ മാത്യു പറയുന്നു. കുട്ടനാട്ടുകാര്‍ക്ക് കുടിവെള്ളവും അവശ്യ സാധനങ്ങളും എത്തിക്കാന്‍ ഇവര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.