Special

ഒരു കോടി, ഒന്നരക്കോടി എന്നിങ്ങനെ പിഴ; പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ നമുക്കൊപ്പം നില്‍ക്കുന്നത് ഇങ്ങനെ

do for kerala,kerala flood

പ്രളയം തകര്‍ത്ത കേരളത്തിനൊപ്പമാണ് നന്മയുള്ള ലോകം. രാജ്യത്തെ കോടതികളും വ്യത്യസ്തമല്ല. കേരളത്തോടുള്ള ജുഡീഷ്യറിയുടെ സ്നേഹകരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് തുടങ്ങുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കിയതിനു പുറമേ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ചു.

സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരായ ഡോ.ബി ബാലഗോപാല്‍(റിപ്പോര്‍ട്ടര്‍ ടിവി), എം ഉണ്ണികൃഷ്ണന്‍(ന്യൂസ്18 കേരളം), വിനയ പിഎസ്(മാതൃഭൂമി ന്യൂസ്)എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങ് രാജ്യാന്തര ശ്രദ്ധ നേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍,മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും കെഎം ജോസഫും പാട്ടുപാടി ചടങ്ങ് അവിസ്മരണീയമാക്കി.

ചീഫ് ജസ്റ്റിസ് അടക്കം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ 25,ooo രൂപ വീതവും ജീവനക്കാര്‍ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. രാജ്യത്തെ മറ്റു കോടതികളും ഇതേ നിലയില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വീ ഷാള്‍ ഓവര്‍ കം എന്ന ഗാനം ആലപിക്കുന്നു. ഗിത്താര്‍ മീട്ടുന്നത് ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാന്‍.

ഒരു കോടി,ഒന്നരക്കോടി…

രാജ്യത്തെ പല കോടതികളും വിധിക്കുന്ന പിഴശിക്ഷ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയാണ്.

പ്രവേശനക്രമക്കേട്‌ കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കാന്‍ സമീപിച്ച കണ്ണൂര്‍ മെഡിക്കല്‍ കോളജിനോട് ഒരു കോടി രൂപ പ്രളയ ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത് അടുത്തിടെയാണ്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു ഉത്തരവ്. സെപ്തംബര്‍ 20നകം തുക അടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു കേസില്‍ ഒന്നരക്കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് ബോംബെ ഹൈക്കോടതി ഉത്തരവ്. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ അതെ മാതൃകയില്‍ സാമ്യമുള്ള പേരുമായി മരുന്ന് വില്‍ക്കുന്നു എന്നാരോപിച്ച് ഗ്ലെന്മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍ കക്ഷികളായ ഗാല്‍ഫ ലബോറട്ടറീസിന് ജസ്റ്റിസ് എസ്ജെ കത്താവല്ലയാണ് പിഴ വിധിച്ചത്.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് കെ എം ജോസഫ് പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് അമരം സിനിമയിലെ വികാരനൌകയുമായി എന്ന ഗാനം ആലപിക്കുന്നു

കേരളത്തിന്‌ പണം നല്‍കൂ,കോടതിയലക്ഷ്യത്തില്‍ നിന്ന് തടിയൂരൂ..

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ അടച്ചു രസീതുമായി വന്നാല്‍ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാമെന്നു ഝാര്‍ഖണ്ഡ്‌ ഹൈക്കോടതി. മുന്‍ ആര്‍ജെഡി എംഎല്‍എ ഭോലാ യാദവിനോടാണ് ജസ്റ്റിസുമാരായ അപരേഷ് കുമാര്‍ സിംഗ്, രത്നാകര്‍ ഭേംഗ്ര എന്നിവരുടെ നിര്‍ദേശം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിനെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചതിനെതുടര്‍ന്നു ഭോലാ യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി പരിഗണിച്ചു ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. ഭോലാ റാമിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ച കോടതി രണ്ടര ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ നിധിയിലേക്ക് അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

പണം തട്ടിപ്പുകേസില്‍ ജാമ്യം കിട്ടാന്‍ കേരള മുഖ്യമന്ത്രിയുടെ നിധിയിലേക്ക് പണമടയ്ക്കാന്‍ മൂന്നു യുവാക്കളോട് ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച്‌ നിര്‍ദേശിച്ചു. രണ്ടു വ്യത്യസ്ത കേസുകളിലാണ് ജസ്റ്റിസ് എ ബി സിംഗിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ 17,000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചത്.ഉത്പല്‍ റേ എന്നയാള്‍ 7000വും ധനേശ്വര്‍ മണ്ഡല്‍,ശംഭു മണ്ഡല്‍ എന്നിവര്‍ 5000 രൂപ വീതവും അടച്ചു രസീത് ഹാജരാക്കണം.

ഡല്‍ഹിയില്‍ കേരളത്തെ സഹായിക്കാനുള്ള പരിപാടികള്‍ക്ക് മുന്‍കൈയെടുത്ത മാധ്യമ പ്രവര്‍ത്തകര്‍.

ഗുജറാത്തിലെ വിധികള്‍ അങ്ങിനെ..
വഡോദരയില്‍ രണ്ടു പേരോടും അഹമ്മദാബാദില്‍ ഒരാളോടുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിക്കാന്‍ കോടതികള്‍ ഉത്തരവിട്ടത്. മദ്യം സൂക്ഷിച്ചതിന് പിടിയിലായ പ്രദീപ്‌ എന്ന ജതിയാ താക്കറിനോട് ജാമ്യത്തിന് 25,000 രൂപ കേട്ടിവേയ്ക്കുന്നതിനു പുറമേ 11,000 രൂപ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് രസീതുമായി വരാന്‍ വഡോദര പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജി ജെ സി ദോഷി നിര്‍ദേശിച്ചു.

കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ സമീപിച്ച അമൃത്പാല്‍ എന്നയാളോട് 10,000 രൂപയും ജീവന്‍ ഷൈന്‍ എന്നയാള്‍ 5,000 രൂപയും കേരള മുഖ്യമന്ത്രിയുടെ നിധിയില്‍ അടയ്ക്കാന്‍ അഹമ്മദാബാദ് സിറ്റി സെഷന്‍സ് ജഡ്ജി സിഎസ് അധ്യാരു ഉത്തരവിട്ടു.


കൂടെയുണ്ട് ഡല്‍ഹി ഹൈക്കോടതി
കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു. സെപ്തംബര്‍ 9നു കോടതി പരിസരത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ അവശ്യവസ്തുക്കള്‍ സംഭരിക്കുന്നുമുണ്ട്.
സ്വത്തു തര്‍ക്കവുമായി സമീപിച്ച രണ്ടു പേരോട് അഞ്ചു ലക്ഷം വീതം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ച് രസീതുമായി വരാന്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വാല്മീകി ജെ മേത്ത നിര്‍ദേശിച്ചത് ഈയിടെയാണ്.
ലൈംഗികപീഡന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും പരാതി റദ്ദാക്കണമെന്നും കാട്ടി തരുണ്‍ സിംഗ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇരു കക്ഷികളും അയ്യായിരം രൂപ വീതം കേരള മുഖ്യമന്ത്രിയുടെ നിധിയില്‍ നിക്ഷേപിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ദേവ ഉത്തരവിട്ടു.


മധ്യപ്രദേശിലും വിധി

മധ്യപ്രദേശ് ഹൈക്കോടതി ഇരു കേസുകളിലായി 21,000 രൂപയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതില്‍ 20,000 രൂപ അടിസ്ഥാന രഹിതമായ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചതിനാണ്.

മറ്റിടങ്ങളിലും സമാന വിധികള്‍
ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി ഹാപൂര്‍ വൈദ്യുതി വിഭാഗത്തോട് ഒരു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. ഗൌരവ് ശര്‍മ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പലവട്ടം കേസ് പരിഗണിച്ചിട്ടും വൈദ്യുതി വിഭാഗത്തിലെ ആരും ഹാജരായില്ല. ഒടുവില്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാറിനെ വിളിച്ചു വരുത്തിയ ജസ്റ്റിസ് ശശികാന്ത് ഗുപ്ത,അജിത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ഒരു ലക്ഷം രൂപ പിഴ എന്ന നിലയില്‍ കേരള മുഖ്യമന്ത്രിയുടെ നിധിയില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്ന സെപ്തംബര്‍ 11നകം പണം അടയ്ക്കണം.

അഴിമതിക്കേസില്‍ പെട്ട ഹരിയാന എക്സൈസിലെ മൂന്ന്‍ ഉദ്യോഗസ്ഥരും അവരുടെ അഭിഭാഷകരും സാക്ഷികളെ അന്തിമ ക്രോസ് വിസ്താരം നടത്താന്‍ ഹാജരായിരുന്നില്ല. അഭിഭാഷക സമരം മൂലമാണ് ഹാജരാകാന്‍ കഴിയാതെ പോയതെന്നും ക്രോസ് വിസ്താരത്തിന് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്നുമുള്ള പ്രതികളുടെ ആവശ്യത്തിനു ഹരിയാന പഞ്ച്കുല സിബിഐ പ്രത്യേക കോടതി ജഡ്ജി നിര്‍ദേശിച്ചതും മറ്റൊന്നല്ല. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ വീതം മൂന്നു പേരും നിക്ഷേപിച്ച് ഒക്ടോബര്‍ ഒന്നിനകം രസീത് ഹാജരാക്കുക. ദേരാ തലവന്‍ രാം റഹീം ഗുര്‍മീതിനെ 20 വര്‍ഷം തടവിനു ശിക്ഷിച്ച ജഗ്ദീപ് സിംഗാണ് പ്രത്യേക കോടതി ജഡ്ജി.

Image result for madurai bench of madras high court

അനാവശ്യ ഹര്‍ജിയുമായി കോടതിയുടെ സമയം മെനക്കെടുത്തിയതിനു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്‌ 10,000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ശിവഗംഗ സ്വദേശിക്ക് നിര്‍ദേശം നല്‍കി.ദേവക്കോട്ട താലൂക്കിലെ കെ പാണ്ടി എന്നയാളോടാണ് പണം അടയ്ക്കാന്‍ ജസ്റ്റിസുമാരായ ടി രാജ,കൃഷ്ണന്‍ രാമസ്വാമി എന്നിവര്‍ നിര്‍ദേശിച്ചത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കേരളത്തിന്‌ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഒരു കോടി രൂപ ,മുന്‍ എജി മുകുള്‍ രോത്തഗി 50 ലക്ഷം രൂപ എന്നീ  സഹായ വാഗ്ദാനങ്ങളും ഇതില്‍പ്പെടുന്നു.
കേരള ഹൈക്കോടതിയും കാരുണ്യത്തിന്റെ കരങ്ങളാണ് നീട്ടിയത്. ജഡ്ജിമാര്‍ സഹായം പ്രഖ്യാപിച്ചു. ഹൈക്കോടതി പതിനാലു ലക്ഷത്തില്‍ പരം രൂപ നല്‍കി. ദുരിത ബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ സംഭരിക്കാനും അവ തലച്ചുമടായി ഇറക്കാനും ജഡ്ജിമാര്‍ രംഗത്തുണ്ടായിരുന്നു. കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു കവിതയും എഴുതിയിരുന്നു.