News

കൊച്ചി നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍; നേട്ടം കൊയ്തു തലസ്ഥാനത്തെ ഹോട്ടലുകളും

പ്രതീകാത്മക ചിത്രം; കടപ്പാട്-ടഗാട്ടായ് ഹൈലാന്‍ഡ്സ്

വെള്ളം കയറി കൊച്ചി രാജ്യാന്തര വിമാനത്താവളം നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലേറെ അധിക സര്‍വീസുകളാണ് തിരുവനന്തപുരത്ത് വന്നുപോയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ തിരക്ക് ഇവിടുത്തെ ഹോട്ടലുകളിലും ദൃശ്യമായിരുന്നു. വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും മുറി തികയാതെ വന്നു.

ശരാശരി 120 സര്‍വീസുകളാണ് വിമാനത്താവളം വഴി പ്രതിദിനം നടന്നത്. രാജ്യാന്തര ടെര്‍മിനലിലെ 9 ബേകളും ആഭ്യന്തര ടെര്‍മിനലിലെ 11 ബേകളും ഏതാണ്ടെല്ലാ സമയവും നിറഞ്ഞു.15,16 തീയതികളില്‍ മൂന്നു ഹജ് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്തി.

എയര്‍ ഇന്ത്യയുടെ ആഡംബര വിമാനമായ ഡ്രീം ലൈനര്‍ അടുത്തിടെവരെ തിരുവനന്തപുരം കണ്ടിരുന്നില്ല. പ്രളയം ഡ്രീം ലൈനറെ തിരുവനന്തപുരത്ത് എത്തിച്ചു. ദുബായിലേക്കും തിരിച്ചുമായിരുന്നു ഡ്രീം ലൈനര്‍ യാത്ര.
യാത്രാ വിമാനങ്ങള്‍ക്ക് പുറമേ കര, നാവിക, വ്യോമസേനാ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയ്ക്കും തിരുവനന്തപുരം വിമാനതാവളത്തിലായിരുന്നു സ്ഥലം. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി വിഐപികളുടെ നിറയും തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയി.

വികസനത്തിന്‌ സജ്ജമെന്ന സന്ദേശമാണ് ഇതിലൂടെ തിരുവനന്തപുരം വിമാനത്താവളം നല്‍കിയത്