Food

മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ

ചായയ്‌ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്.


മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്‍പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്.

പൊലീസിന്റെ കാവലില്ലാത്ത തടവുപുള്ളികളാണിവര്‍. പുലര്‍ച്ചെ മുതല്‍ രാത്രി ഒമ്പതുവരെയാണ് ഇവരുടെ പ്രവര്‍ത്തനസമയം. പൊലീസിന്റെ യാതൊരു തരത്തിലുള്ള ഇടപെടലുകളും അന്നേരത്തു ഇവരുടെ മേല്‍ ഉണ്ടാകില്ലെന്നത് സ്വതന്ത്രമായി തങ്ങളെ ഏല്‍പ്പിച്ച കര്‍മത്തില്‍ മുഴുകാന്‍ ഈ ജയില്‍ പുള്ളികള്‍ക്കു പ്രേരണയേകുന്നു. തടവുപുള്ളികള്‍ എന്നു കരുതി ഭക്ഷണം വിളമ്പാനും പാചകവുമൊന്നും ഇവര്‍ക്ക് വശമില്ലെന്നു ധരിക്കേണ്ട. ഇത്തരം കാര്യങ്ങളെല്ലാം പ്രഫഷണലായി പഠിച്ചിട്ടു തന്നെയാണ് ഇവര്‍ ഇതിലേക്ക് ഇറങ്ങിയിരിക്കുന്നത്. 40 പേര്‍ക്ക് ഒരേസമയം ഈ കഫേയില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്.


മാന്യമായി പെരുമാറിയും ഓരോരുത്തരുടെയും ആവശ്യപ്രകാരമുള്ള വിഭവങ്ങള്‍ തയാറാക്കി നല്‍കിയും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുത്തും ഇവര്‍ കഫേയിലെത്തുന്നവരെ വീണ്ടും അങ്ങോട്ടെത്തുവാന്‍ പ്രേരിപ്പിക്കുന്നു. പ്രശസ്തമായ ഒട്ടുമിക്ക പുസ്തകങ്ങളും മികച്ച എഴുത്തുകാരുടെ കൃതികളും മാഗസിനുകളുമെല്ലാം ഇവിടെ ലഭ്യമാണ്. ഇടവേളകളില്‍ പുതുരുചിക്കൂട്ടുകള്‍ തയാറാക്കുന്നതിനൊപ്പം പുസ്തക വായന കൂടിയാകുമ്പോള്‍ ജയില്‍ ജീവിതത്തിന്റെ മടുപ്പില്‍ നിന്നും മാറി, പുതിയൊരുന്മേഷം ഇവര്‍ക്കും ലഭിക്കുമെന്നത് തീര്‍ച്ചയാണ്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു പരീക്ഷണ ശ്രമത്തിന് അധികാരപ്പെട്ടവര്‍ തയാറായത്.

ഒരു കഫേ തുടങ്ങാന്‍ ജയിലധികൃതര്‍ പദ്ധതിയിട്ടപ്പോള്‍, വെറുമൊരു ചായക്കട എന്നതിനപ്പുറം ജയില്‍ പുള്ളികളില്‍ മാത്രമല്ല, കഫേയിലെത്തുന്നവരിലും പുസ്തകവായനയുടെ മഹത്വമെത്തിക്കണമെന്ന തീരുമാനമുണ്ടായിരുന്നു. ആ തീരുമാനം 100 ശതമാനം വിജയമായി എന്നുതന്നെയാണ് മണിക്കൂറുകളോളം പുസ്തകവായനയിലേര്‍പ്പെട്ടിരിക്കുന്ന കഫേയിലെത്തിയ അതിഥികളെ കാണുമ്പോള്‍ മനസിലാകുന്ന ഒരു വലിയ കാര്യം. ഏകദേശം ഇരുപതുലക്ഷം രൂപ ചെലവാക്കിയാണ് കഫേയും ഗ്രന്ഥശാലയും തുടങ്ങിയത്. പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം തന്നെ അവ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ജയിലില്‍ നിന്നും മോചിതരാകുന്നവര്‍ക്കു എല്ലാ അര്‍ത്ഥത്തിലും പുതിയൊരു ജീവിതം നല്കാന്‍ കൈത്തു ജയിലിന്റെ മഹത്തരമായ ഈ പ്രവര്‍ത്തിയ്ക്കു കഴിയുമെന്നതില്‍ സംശയമില്ല.