News

ഇവരും ഹീറോകള്‍; നമിക്കാം ഇവരെയും

ഈ കുട്ടികള്‍ ചില്ലറക്കാരല്ല. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന കേരളത്തിന്‌ ഇവരുടെ സംഭാവന വലുതാണ്‌. തമിഴ്നാട്ടിലെ ഒമ്പതാം ക്ലാസുകാരിയും കണ്ണൂരിലെ സഹോദരങ്ങളായ രണ്ടു വിദ്യാര്‍ഥികളുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കള്‍ സ്വാഹയും ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തങ്ങള്‍ക്കായി അച്ഛന്‍ കാത്തുസൂക്ഷിച്ച ഒരേക്കര്‍ സ്ഥലമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയും അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ ബ്രഹ്മയും നല്‍കിയത്. സ്ഥലത്തിന് അമ്പത് ലക്ഷം രൂപ മതിപ്പ് വില വരും.

തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൈക്കിള്‍ വാങ്ങാനായിരുന്നു നാലു വര്‍ഷമായി പണം സ്വരുക്കൂട്ടിയത്‌. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു. വാര്‍ത്തയറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി അവള്‍ ആഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.