News

സർക്കാർ ഓണാഘോഷം റദ്ദാക്കി; കെടുതി നേരിടാൻ ഒറ്റക്കെട്ടായവർക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി

കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകൾക്കായി ഓണാഘോഷത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തിൽ തീരുമാനമെടുക്കും.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 38 പേർ മരിച്ചെന്നു മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എല്ലാവരോടും സർക്കാർ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടൽ നടത്തി. കേരളാ ഗവർണർ നൽകിയ പിന്തുണയും വലുതാണ്. 8316കോടി രൂപയുടെ നഷ്ടമുണ്ടായി.അയൽ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു. കെടുത്തി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം.

27 ഡാമുകൾ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. വളർത്തു മൃഗങ്ങളെ നഷ്ടമായി. 10000 കിലോമീറ്റർ റോഡുകൾ തകർന്നു. 30000ത്തോളം പേർ ഇപ്പോഴും ക്യാംപിൽ തന്നെ. ജീവനോപാധികൾ പലർക്കും നഷ്ടമായി. വെള്ളവും ചെളിയും പല വീടുകളിലും കെട്ടിക്കിടക്കുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയത്. സർക്കാർ സംവിധാനങ്ങൾ സജീവമായി പ്രവർത്തിച്ചു.

സൈനിക- അർദ്ധ സൈനിക വിഭവങ്ങളും സന്നദ്ധ പ്രവർത്തകരും സഹകരിച്ചു. നാടൊന്നാകെ സഹകരിക്കുകയാണ്.

444 വില്ലേജുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ചു. രണ്ടു ദിവസം വെള്ളം കെട്ടി നിന്ന വീടുകളുടെ ഉടമസ്ഥർക്ക് പതിനായിരം രൂപ വീതം നൽകും. പൂർണമായി തകർന്ന വീടിനു നാലു ലക്ഷം വീതം നാൾക്ക്. സ്ഥലം കൂടി നഷ്ടമായവർക്കു പരമാവധി ആറു ലക്ഷം രൂപ വരെ നൽകും. സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം നൽകണം എന്നഭ്യർത്ഥിച്ചു. യു എ ഇ എക്സ്ചേഞ്ച്, ലുലു എക്സ്ചേഞ്ച് എന്നിവ വഴി സംഭാവന നൽകുന്നവർക്ക് സേവന ചാർജ് ഒഴിവാക്കും.

രേഖകൾ നഷ്ടമായവർക്കു കാലതാമസം ഒഴിവാക്കും. ഫീസ് വാങ്ങില്ല. അദാലത്തുകൾ സംഘടിപ്പിക്കണം. ഫീസില്ലാതെ രേഖ വാങ്ങാൻ സെപ്റ്റംബർ 30 വരെ സമയം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.