Food

ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കള

മഹാമാരിയില്‍  നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനഗിരി കൈയ്യിലേന്തി എട്ടു ദിനങ്ങളാണ് നിന്നത്. അങ്ങനെ എട്ടുദിനങ്ങളില്‍ ഭക്ഷണമില്ലാതെ നിന്ന നില്‍പ്പില്‍ കൃഷ്ണന്‍ നിന്നു. ആ കടം ഇന്നും പ്രസാദമായി വീട്ടുന്ന ഇടമാണ് വിശ്വ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയുടെ ഏറ്റവും വിഭവ സമൃദമായ പ്രസാദ് ഊട്ട് നടക്കുന്നയിടം. 56കൂട്ടം വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ അടുക്കളയും ജഗന്നാഥ ക്ഷേത്രത്തില്‍ തന്നെയാണ്.

600 പാചകക്കാരാണ് ഈ ബ്രമാണ്ഡ അടുക്കളയില്‍ ദിനംപ്രചി പുരിയിലെത്തുന്ന ഭക്തര്‍ക്ക് അന്നമൂട്ടാന്‍ പ്രയത്‌നിക്കുന്നത്.  ഒഡിഷയുടെ രുചിവൈപുല്യം ലോകപ്രശസ്തമാണ്. ദക്ഷിണേന്ത്യയുടേയും പശ്ചിമ ബംഗാളിന്റയും അതിരിടുന്ന ഒഡിഷയുടെ പാചകക്കൂട്ടില്‍ ഈ രണ്ടു സ്വാധീനവും വ്യക്തമാണ്.

ബംഗാളിനോട് അടുത്തുകിടക്കുന്ന ഒഡിഷന്‍ പ്രദേശങ്ങളില്‍ കടുകും കരിംജീരകവും ധാരാളമായി ഉപയോഗിക്കുമ്പോള്‍, ആന്ധ്ര അതിരിലെ ഒഡിഷന്‍ തീന്‍മുറികളില്‍ തൂശനിലയില്‍ പുളികൂടിയ കറികള്‍ ധാരാളമായി വിളമ്പുന്നു. എങ്കിലും പരിമിതമായ എണ്ണയുടെയും മസാലയുടെയും ഉപയോഗം, പാല്‍ക്കട്ടി ചേര്‍ത്ത മധുരപലഹാരങ്ങളോടുള്ള പ്രിയം എന്നിവ ഒഡിഷന്‍ രുചിശീലങ്ങളില്‍ പൊതുവായി കാണാം.

ചില വിഭവങ്ങളില്‍ ഒഡിഷക്കാര്‍ തീരെ എണ്ണ ഉപയോഗിക്കാറില്ല. കറികളിലെല്ലാം ചെറു മധുരമാണ് ഒഡിഷക്കാരുടെ ശീലം. വാഴപ്പഴം, ചക്ക, കപ്പങ്ങ എന്നിവ മിക്കവാറും കറികളില്‍ ചേരുവയായി ചേര്‍ക്കും. കട്ടിത്തൈര് ആഹാരത്തിലെ മുഖ്യഘടകമാണ്. പരമ്പരാഗത ഒഡിഷന്‍ ആഹാരം കേരളത്തിലേതുപോലെ ഇലയിലാണു വിളമ്പുക. പെരുംജീരകം, കരിംജീരകം, ഉലുവ, ജീരകം, കടുക് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുന്ന ‘പഞ്ചോ ഫുത്താന’ എന്ന മസാല രുചിയേറ്റുന്നതിനു വ്യാപകമായി വിഭവങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

വ്യത്യസ്തമായ ചട്ണികളുടെ വിസ്മയലോകം ഒഡിഷരുചി തുറന്നിടുന്നു. വറുത്തെടുത്ത വഴുതനങ്ങയും കട്ടിത്തൈരും ചേര്‍ത്ത് ഉണ്ടാക്കുന്ന ദഹിബൈംഗാനോ, തക്കാളിയും ഈത്തപ്പഴവും ചേര്‍ത്തുള്ള ഖജൂരി ഘാട്ടാ എന്നിവ അതില്‍ ചിലതാണ്.

ശുദ്ധജലമല്‍സ്യങ്ങളും ചെമ്മീനും ഉപയോഗിച്ചുള്ള രുചികരമായ വിഭവങ്ങളോടാണ് സസ്യേതര വിഭാഗത്തില്‍ ഒഡിഷക്കാര്‍ക്കു പ്രിയം. പരിപ്പ് ഉള്‍പ്പെടുത്തിയുള്ള കറികളും ഒഡിഷന്‍ ആഹാര ജീവിതത്തിന്റെ ഭാഗമാണ്. പച്ചക്കറിയും പരിപ്പും ചേര്‍ത്ത ദല്‍മയാണ് ഇതില്‍ പ്രധാനം. വിവിധ സ്ഥലങ്ങളില്‍ ദല്‍മയുടെ ചേരുവയില്‍ വ്യത്യാസമുണ്ടാകും.