News

നോവിൻ ‘പെരുമഴക്കാലം’… ആശങ്കയോടെ ടൂറിസം മേഖല

നിപ്പ വൈറസ് ഭീതി, വിദേശ ടൂറിസ്റ്റിന്റെ കൊലപാതകം എന്നിവ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കേരളത്തിലെ ടൂറിസം മേഖല കരകയറി വരികയായിരുന്നു. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം ടൂറിസം മേഖല പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്തു. എന്നാൽ തോരാമഴ സംസ്ഥാന ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി.

ടൂറിസ്റ്റുകൾ ഏറെ പോകുന്ന മൂന്നാർ, വയനാട് പ്രദേശങ്ങൾ കനത്ത മഴയിൽ പലേടത്തും റോഡുകൾ തകർന്ന് ഒറ്റപ്പെട്ടു. മഴ നീണ്ടത് കുറിഞ്ഞി വസന്തത്തെയും ബാധിച്ചു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ജൂലൈയിൽ നീല വിസ്മയം തീർക്കേണ്ടതാണ്. എന്നാൽ അങ്ങിങ്ങായി പൂത്തതല്ലാതെ രാജഗിരി മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാർക്ക് നിർദ്ദേശം കൊടുത്തതും വിനയായി. വൈകാതെ മഴയൊഴിഞ്ഞ് കേരളത്തിലെ ടൂറിസം മേഖലയുടെ മേലുള്ള ആശങ്കയുടെ കാർമേഘം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.