കണ്ണായ സ്ഥലങ്ങൾ; കൺകണ്ട നേതാക്കളുടെ അന്ത്യവിശ്രമ ഇടങ്ങൾ, പോകാം ഇവിടങ്ങളിലേക്ക്..

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്കാരം എവിടെ നടത്തണമെന്ന് നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതിയുടെ തീർപ്പു വന്നിട്ട് മണിക്കൂറുകളായില്ല. മറീനാ ബീച്ചിൽ നടത്തണമെന്ന നിലപാടിലായിരുന്നു ഡിഎംകെ. ഇവിടെ സംസ്കാരം അനുവദിക്കില്ലന്നു തമിഴ്‌നാട് സർക്കാരും. ഒടുവിൽ മറീനാ ബീച്ച് കരുണാനിധിയുടെ സംസ്കാര സ്ഥലമായി ഹൈക്കോടതി അനുവദിച്ചു.

അണ്ണാ സ്‌ക്വയർ

എന്തുകൊണ്ട് മറീനാ ബീച്ച്?

തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ നഗരത്തിലെ മറീനാ ബീച്ച്. ലോകത്തെ നഗരങ്ങളിൽ നീളം കൊണ്ട് രണ്ടാം സ്ഥാനമാണ് മറീന ബീച്ചിന്.സെന്റ് ജോർജ് കോട്ട മുതൽ ബസന്ത് നഗർ വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വ്യാപിച്ചു കിടക്കുന്നത്. തീരത്തു നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. മുഖ്യമന്ത്രിമാരായിരുന്ന സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതദേഹമാണ് മറീനാ ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന സി. രാജഗോപാലാചാരി, കെ.കാമരാജ്, ഭക്തവത്സലം എന്നിവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഗാന്ധി മണ്ഡപത്തിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ജാനകി രാമചന്ദ്രനെ സംസ്കരിച്ചത് സ്വന്തം വീട്ടുവളപ്പിൽ തന്നെ.

എംജിആർ സ്മാരകം

കർണാടകയിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുറപ്പിച്ച സിഎൻ അണ്ണാദുരൈയുടെ മൃതദേഹമാണ് ആദ്യം മറീന ബീച്ചിൽ അടക്കം ചെയ്തത്.1967ൽ മുഖ്യമന്ത്രിയായ അണ്ണാദുരൈ 1969ൽ അർബുദം ബാധിച്ച് മരണമടഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മറീനാ ബീച്ചിൽ എത്തിച്ചേർന്നതു പോലെയൊരു ജനാവലി പിന്നിടൊരു നേതാവിനും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇൻ‌‌ഡ്യയിൽ ഒന്നിച്ചു കൂടിയിട്ടില്ലെന്ന് ചരിത്രം പറയുന്നു. ഇന്നവിടം “അണ്ണാ സ്ക്വയർ’ എന്നറിയപ്പെടുന്നു.

ശില്പഭംഗി കൊണ്ടും ദീപാലങ്കാരം കൊണ്ടും മനോഹരമാണ് എംജിആർ സ്മാരകം. ഇപ്പോഴും ഇവിടെയെത്തുന്ന പലരും കണ്ണീർ തുടച്ചു കൊണ്ട് പോകുന്നത് കാണാം. തമിഴകത്തിൽ എംജിആർ എന്ന മൂന്നക്ഷരം എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നതിന്റെ നിത്യ സ്മാരകമാണ് എംജിആർ സമാധിയും പാർക്കും.

ജയലളിതയുടെ നിർദിഷ്ട സ്മാരകം

എംജിആർ സമാധിക്ക് തൊട്ടരികിൽ മറീനാ ബീച്ചിൽ തന്നെയാണ് ജയലളിത അന്ത്യവിശ്രമം കൊള്ളുന്നത്. ഇവിടെ അമ്പത് കോടിയുടെ സ്മാരകം പണിയാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിലെ സമാധികൾ

രാജ്ഘട്ട്, ചിത്രത്തിന് കടപ്പാട്; വിക്കിപീഡിയ, ഹുമയൂൺ നിയാസ് അഹമ്മദ് എടുത്തത്.

ഡൽഹിയിൽ യമുനാ നദിയുടെ തീരത്താണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ സംസ്കരിച്ചത്. നിരവധി നേതാക്കളുടെ സമാധിസ്ഥലങ്ങൾ ഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപം കാണാം. പൂന്തോട്ടങ്ങളും പുൽത്തകിടികളുമൊക്കെയായി ഏക്കറു കണക്കിന് സ്ഥലമാണ് ഇവിടെ അന്ത്യവിശ്രമ ഇടങ്ങൾ എന്ന നിലയിൽ പരിപാലിക്കപ്പെടുന്നത്. ജവഹർ ലാൽ നെഹ്രുവിന്റെ സമാധി സ്ഥലമായ ശാന്തിവനം, ലാൽ ബഹാദൂർ ശാസ്ത്രിയെ സംസ്കരിച്ച വിജയ് ഘട്ട്, ഇന്ദിരാഗാന്ധിയെ സംസ്കരിച്ച ശക്തിസ്ഥൽ, രാജീവ് ഗാന്ധിയെ സംസ്കരിച്ച വീർ ഭൂമി എന്നിവ ഇവിടുത്തെ സ്മാരകങ്ങളിൽ പെടുന്നു. നിരവധി മുൻരാഷ്ട്രപതിമാരെയും യമുനാതീരത്തു സംസ്കരിച്ചു. എന്നാൽ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് ഇവിടെ ഇടം കിട്ടിയില്ല.

കേരളത്തിൽ പയ്യാമ്പലം

കേരളത്തിൽ ഏറ്റവുമധികം നേതാക്കളെ സംസ്കരിച്ച സ്ഥലം കണ്ണൂരിലെ പയ്യാമ്പലം കടപ്പുറമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എകെജി, ഇകെ നായനാർ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ ഇവിടെ കാണാം.