കൊടികുത്തിമല പച്ചപ്പിന്റെ താഴ്‌വാരം
പച്ചപണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു.
സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ മലയുടെ താഴ്‌വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനോടൊപ്പം തന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കായി ശുദ്ധജല പോയിന്റുകളും വിശ്രമകേന്ദ്രമൊരുക്കാനും യോഗത്തില്‍ തീരുമാനമായി.
നിലവിലെ മലയിലേക്കുള്ള റോഡില്‍ ഇരുവശത്തായി ഒരു മീറ്റര്‍ വീതിയില്‍ ചെങ്കല്ല് വിരിച്ച് നടപ്പാതയൊരുക്കും. മലകയറ്റത്തിനിടെ ക്ഷീണിക്കുന്നവര്‍ക്ക് കല്ലുകൊണ്ടുള്ള ഇരിപ്പിടവും സംരംക്ഷണ വേലിയും നിര്‍മ്മിക്കും. മലമുകളിലെ നിരീക്ഷണ ഗോപുരത്തില്‍ ദൂരദര്‍ശനി സൗകര്യവും ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.