Europe

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ് അഥവാ പാരീസിന്റെ കഥ

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്‌പെയ്‌സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്‌പെയ്‌സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ എന്ന് വിശേഷിപ്പിച്ചത്.

മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. ചെറിയ മുറിയായ ലേ സ്റ്റുഡിയോയില്‍ വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും സൃഷ്ടികള്‍ കാണാം.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കലാകാരന്മാരുടെ പെയ്ന്റിംഗുകള്‍ 140 ലേസര്‍ വീഡിയോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ട്. 3,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 10 മീറ്റര്‍ ഉയരമുള്ള ചുവരുകളില്‍ പെയ്ന്റിംഗുകള്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടമാണ് മ്യൂസിയമായി പുതുക്കി പണിതത്. മ്യൂസിയത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം വാഗ്നര്‍, ചോപിന്‍, ബിതോവന്‍ എന്നിവരുടെ സംഗീതവും കേള്‍ക്കാം.

മോഷന്‍ ഡിസൈന്‍’ ശബ്ദസംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ത്രീഡി ദൃശ്യ അനുഭവത്തോടൊപ്പം ചേര്‍ന്നു പോകാന്‍ 50 സ്പീക്കറുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ‘പഴയ പോലെ ആളുകള്‍ സംസ്‌കാരത്തെ കുറിച്ച് ഇപ്പോള്‍ പഠിപ്പിക്കുന്നില്ല. കലയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഒരുമിയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. അത് ഭാവി തലമുറയ്ക്ക് ഒരു പുതിയ അനുഭവമായിരിക്കും.’- എന്നാണ് കള്‍ച്ചര്‍സ്‌പെയ്‌സസ് പ്രസിഡന്റ് ബ്രൂണോ മൊന്നിയര്‍ മ്യൂസിയത്തിനെക്കുറിച്ച് പറയുന്നത്.

ഒരു കോണ്‍ക്രീറ്റ് സ്ലാബിലൂടെയാണ് മ്യൂസിയത്തിനുള്ളിലേക്ക് കയറുന്നത്. അകത്തു കയറിയാല്‍ ഒരു ഡിജിറ്റല്‍ പ്രദര്‍ശന അനുഭവമായിരിക്കും ലഭിക്കുക. വാഗ്നറിന്റെ സംഗീതം പശ്ചാത്തലത്തില്‍ ആയിരത്തോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രങ്ങളുടെ 360 ഡിഗ്രി കാഴ്ചയാണ് മുറികളില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും ജീവന്‍ തുടിയ്ക്കുന്നതാണ്. നിയോക്ലാസിക്കല്‍ വിയന്ന ക്ലിംമ്‌സിന്റെ ചിത്രങ്ങള്‍, വിയന്ന സെസക്ഷന്‍ ആര്‍ട്ട് മൂവ്‌മെന്റിന്റെ യഥാര്‍ത്ഥ പോസ്റ്ററുകള്‍ എല്ലാം മനോഹരമായി ഒരുക്കിയിരിക്കുന്നു.

മൂന്ന് മാസം മുന്‍പ് തുറന്ന ഈ മ്യൂസിയത്തില്‍ ഇതുവരെ ഏകദേശം 400,000 ആളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതേ സംവിധാനത്തോടു കൂടിയ ഒരു മ്യൂസിയം കൂടി തയ്യാറാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സൗത്ത് കൊറിയയിലെ ജെജു ദ്വീപില്‍ സമാന സംവിധാനത്തോടെയുള്ള ഒരു ഡിജിറ്റല്‍ ആര്‍ട്ട് സെന്റര്‍ ആരംഭിക്കുന്നുണ്ട്. 2019-ല്‍ യുഎസിലും ആദ്യത്തെ സൈറ്റ് ആരംഭിക്കാനുമാണ് കള്‍ച്ചര്‍ സ്‌പെയ്‌സസിന്റെ ഭാവി പരിപാടികള്‍.