News

കുതിരാൻ ‘കുപ്പിക്കഴുത്തി’ൽ തന്നെ; തുരങ്കം തുറക്കുന്നത് വൈകും

Image may contain: 1 person, bridge, outdoor and nature

ചിത്രം; ശ്യാം ചെമ്പകം

രൂക്ഷമായ ഗതാഗതക്കുരുക്കു നേരിടുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ദേശീയപാതാ അധികൃതർ സമർപ്പിച്ചിട്ടില്ല‍. നിലവിൽ ഒരു തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കത്തക്ക രീതിയിൽ പണി പൂർത്തിയായിക്കഴിഞ്ഞു. പ്രവേശനഭാഗങ്ങളിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണും അടർന്നുവീഴാനിടയുള്ള പാറകളും നീക്കംചെയ്താൽ ഇത് തുറക്കാൻ കഴിയും. നിർമാണപരിധിയിൽ ഉൾപ്പെടാത്ത വനഭൂമിയായതിനാൽ ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

Image may contain: car and outdoor

ചിത്രം; ശ്യാം ചെമ്പകം

ഇക്കാര്യത്തിൽ നടപടി വേഗത്തിലാക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ തീരുമാനം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചില്ല. ഇത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി വ്യക്തമാക്കി. ദേശീയപാതാ അധികൃതർ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പരിഗണിക്കേണ്ടത് കേന്ദ്ര വനംമന്ത്രാലയത്തിലെ ഉന്നതാധികാരസമിതിയാണ്. പുതുതായി സർവേ നടത്തി വേണം അനുമതി നൽകാൻ. സമയമെടുക്കുന്ന നടപടിക്രമമാണിത്. മൂന്നുമാസംമുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ ഇതിനകം തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കാമായിരുന്നു.

എ. കൗശിഗൻ തൃശ്ശൂർ ജില്ലാ കളക്ടർ ആയിരുന്നപ്പോൾ ദുരന്തനിവാരണനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പാറകൾക്ക് മുകളിലെ മണ്ണ് നീക്കുന്നതുൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. നിലവിലെ കളക്ടർ ടി.വി. അനുപമ മൂന്നാഴ്‌ചമുമ്പ് അവലോകനം നടത്തിയപ്പോഴും കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു.

ഇടതുവശത്തെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞതായി കരാർ ഏറ്റെടുത്ത പ്രഗതി കമ്പനിയുടെ ഡയറക്ടർ എം. വിഷ്ണുവർമ വ്യക്തമാക്കി. വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ പാറകൾക്ക് മുകളിലെ മണ്ണ് നീക്കാൻ രണ്ടോ മൂന്നോ ദിവസമേ വേണ്ടിവരൂ. പാറകൾക്ക് മുകളിൽ ഒരു ചെരിവ് ഉണ്ടാക്കേണ്ടിവരും. മണ്ണിടിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ഇതു കഴിഞ്ഞാൽ ഗതാഗതത്തിനായി തുറക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തുരങ്കത്തിന്റെ കോൺക്രീറ്റിടൽ, അഴുക്കുചാൽ, നടപ്പാതയുടെ കൈവരി നിർമാണം, വൈദ്യുതിജോലികൾ എന്നിവയാണ് പൂർത്തിയാകാനുള്ളത്. ഇതിന് രണ്ടുമാസം മതിയാകുമെന്നും വിഷ്ണുവർമ പറഞ്ഞു.