News

വർക്കലയിൽ വീണ്ടും കുന്നിടിഞ്ഞു; കശ്മീർ സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്

 

വർക്കലയിൽ വീണ്ടും കുന്നിടിഞ്ഞു. കശ്മീർ സ്വദേശിയായ യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് ക്ലിഫിലെ നടപ്പാത അടച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.പാപനാശം ഹെലിപ്പാടിന് സമീപത്തെ ആർട്ട് ഓഫ് ഇന്ത്യ കരകൗശല ശാലയിലെ ജീവനക്കാരനാണ് പരിക്കേറ്റ ബിസാർ(22) എന്ന യുവാവ്. ഇയാൾക്ക് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.

പാപനാശം കുന്നിൻ മുകളിൽ നിന്നും മണ്ണും പാറയുമായി അടർന്ന് ബിസാർ താഴേക്കു വീഴുകയായിരുന്നു. ഇവയ്ക്കടിയിൽ പെടാതിരുന്നതിനാൽ പരിക്കുകളോടെ അത്ഭുതകരമായി യുവാവ് രക്ഷപെട്ടു. കഴിഞ്ഞയാഴ്ച ഇവിടെ കുന്നിടിഞ്ഞു മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.

ഉറപ്പുവരുത്തണം സുരക്ഷ

വർക്കലയുടെ സവിശേഷതയായ പാപനാശം കുന്നുകള്‍ തുടരെ അടർന്നു വീഴുകയാണ്. പലഭാഗങ്ങളും വിള്ളല്‍വീണ് ഏതുനിമിഷവും പൂര്‍ണമായും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പുറമെ ഉറപ്പോടെ കാണുന്നെങ്കിലും കുന്നിന്റെ പലയിടങ്ങളിലും ഉള്ളു പൊള്ളയാണെന്ന് നാട്ടുകാർ പറയുന്നു.

സംരക്ഷണ നടപടികള്‍ ഘട്ടംഘട്ടമായി നടക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. വിള്ളലുകള്‍ വീണ ഭാഗം ബലപ്പെടുത്താനോ വീണ്ടും ഇടിയുന്നത് തടയാനോ നടപടിയുണ്ടായിട്ടില്ല.
കുന്ന് സംരക്ഷണത്തിന് മദ്രാസ് ഐ.ഐ.ടിയുടെ കീഴിലുളള ഓഷ്യൻ എഞ്ചിനീയറിംഗ് വകുപ്പിനെ കൊണ്ട് പഠനം നടത്താന്‍ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. പാപനാശം കുന്നുകള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചോ മറ്റു പ്രകൃതിദത്തമായ സംവിധാനങ്ങളോ ഏര്‍പ്പെടുത്തി സംരക്ഷിക്കണമെന്നാണ് പ്രകൃതി സ്നേഹികളുടെ ആവശ്യം.