Kerala

മലപ്പുറത്ത് ചെന്നാല്‍ പലതുണ്ട് കാണാന്‍

തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം.

മസിനഗുഡി

മലപ്പുറത്ത് നിന്നും 113 കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മസിനഗുഡിയില്‍ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേര്‍ന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകള്‍. യാത്രയില്‍ ഈ ജീവികളുടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. ഊട്ടി-മൈസൂര്‍ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി.

ഉള്‍ക്കാടിനുള്ളിലേക്കു ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക് കടന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങള്‍ അടക്കമുള്ള നിരവധി വന്യജീവികളെ കാണാം. കാട്ടുപാത അതിസുന്ദരമാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്മരങ്ങളെക്കാളും ചെറുകുറ്റികാടുകളാണിവിടെ കൂടുതല്‍. ഇടയ്ക്കു കാട്ടുചോലകളും കാണാം. കാനനകാഴ്ചകള്‍ കടന്നു കുറച്ചുകൂടി മുന്നോട്ടു പോയാല്‍ മോയാര്‍ ഡാം കാണാം. അതിമനോഹരമാണ് ഡാമും അതിനു ചുറ്റുമുള്ള കാഴ്ചകളും.

വാല്‍പ്പാറ

മലപ്പുറത്ത് നിന്നും 191 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെത്തിച്ചേരാം. ചെറിയൊരു ടൗണാണ് വാല്‍പ്പാറ. കാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ ഇവിടെ നിന്നും അതിരപ്പള്ളി വരെ ഒരു യാത്ര പോകണം. ഷോളയാര്‍ ഡാമും തേയില തോട്ടങ്ങളും പിന്നിട്ടിട്ടുള്ള ആ യാത്രയില്‍ ഉടനീളം ആനപിണ്ഡത്തിന്റെ വാസനയും പുലിപ്പേടിയും കൂട്ട് വരുമെങ്കിലും അതിസുന്ദരമായ പാത മുന്നോട്ടുപോകാന്‍ പിന്നെയും പിന്നെയും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

പെരിങ്ങല്‍കുത്ത് ഡാമില്‍ അല്പസമയം വിശ്രമിച്ചതിനു ശേഷം യാത്ര തുടരാവുന്നതാണ്. സൗന്ദര്യം നിറഞ്ഞ കാഴ്ചകള്‍ യാത്രികര്‍ക്ക് സമ്മാനിക്കും ഷോളയാറിനെ പോലെ ഈ ഡാമും. മുടിപിന്നലുകള്‍ പോലെ വളവുകളും തിരിവുകളുമുള്ള പാത, ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഹരം പിടിപ്പിക്കുക തന്നെ ചെയ്യും. മഴക്കാടുകളും ഈറ്റക്കാടുകളും പിന്നിട്ട്, ആനക്കൂട്ടങ്ങളെ കണ്ട് വാഴച്ചാലും താണ്ടി ആ യാത്ര അതിരപ്പള്ളിവരെ നീളുമ്പോഴേക്കും മനോഹരമായ പ്രകൃതി സൗന്ദര്യം ഓരോ യാത്രികന്റെയും മനസുനിറയ്ക്കും.

കോത്തഗിരി

മനോഹരമായ കാഴ്ചകളും കാലാവസ്ഥയും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന നാടായതുകൊണ്ടുതന്നെ കോത്തഗിരിയെ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് വിളിച്ചത്. ഊട്ടിയുടെ അത്രയും പ്രശസ്തമല്ലെങ്കിലും അത്രയും തന്നെ സുന്ദരമാണ് കോത്തഗിരി. സമുദ്ര നിരപ്പില്‍ നിന്നും 1800 അടിയോളം ഉയരത്തിലായതുകൊണ്ടു സുഖകരമാണ് കോത്തഗിരിയിലെ കാലാവസ്ഥ. കോടനാട് വ്യൂപോയിന്റും കാതറീന്‍ വെള്ളച്ചാട്ടവും രംഗസ്വാമി കുന്നുമാണ് കോത്തഗിരിയിലെ പ്രധാനാകര്‍ഷണങ്ങള്‍. മലപ്പുറത്ത് നിന്നും 166 കിലോമീറ്ററാണ് കോത്തഗിരിയിലേക്കു ദൂരം.

ഗുണ്ടല്‍പ്പേട്ട്

പൂപ്പാടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ ഗുണ്ടല്‍പ്പേട്ടിലേക്ക് മലപ്പുറത്ത് നിന്നും 114 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ മതി. മനോഹരമായ പാതയും നിറയെ പൂക്കളും പച്ചക്കറികളും നിറഞ്ഞ പാടങ്ങളും കണ്ണിനു സുഖം പകരുന്ന കാഴ്ചയാണ്.

കാനനപാതയായതു കൊണ്ടുതന്നെ ആ യാത്രയില്‍ ആനക്കൂട്ടങ്ങളെ കാണാനുള്ള സാധ്യതയുമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനുള്ളിലെ മഞ്ഞുപുതച്ചു നില്‍ക്കുന്ന ഗോപാലസ്വാമി ബെട്ടയാണ് ഇവിടുത്തെ പ്രധാനാകര്‍ഷണം. ഗുണ്ടല്‍പ്പേട്ടില്‍ നിന്നും യാത്ര 60 കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ മൈസൂരില്‍ എത്താവുന്നതാണ്.

മഞ്ചൂര്‍

മഞ്ഞിന്റെ നാടായതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു മഞ്ചൂരിന് ആ പേര് ലഭിച്ചത്. കോടയെ വകഞ്ഞുമാറ്റിവേണം യാത്ര മുന്നോട്ടുപോകാന്‍. 43 മുടിപ്പിന്നല്‍ വളവുകള്‍ താണ്ടി വേണം ഈ മനോഹരം ഭൂമികയിലേക്കെത്തി ചേരാന്‍. ഊട്ടിയുടെയും നീലഗിരിയുടേയുമൊക്കെ സൗന്ദര്യം ഇവിടെ നിന്നാല്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്.

നട്ടുച്ച നേരത്തും മഞ്ഞു പെയ്യുന്നതു കൊണ്ട് ചൂടിന്റെ ഒരു ചെറു ലാഞ്ചന പോലും ഉണ്ടാകില്ല. അപ്പര്‍ ഭവാനി ഡാമിന്റെ കാഴ്ചകള്‍ അതീവ ഹൃദ്യമാണ്. ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ മേഘങ്ങള്‍ കാല്പാദത്തിനടിയിലൂടെ ഒഴുകി നീങ്ങും, കോടമഞ്ഞ് വന്നു പുണരും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സുന്ദര നിമിഷങ്ങളാകും ഓരോ സഞ്ചാരിക്കും മഞ്ചൂര്‍ സമ്മാനിക്കുക. മലപ്പുറത്ത് നിന്നും 140 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.