വരൂ..കാണൂ.. ഈ അത്ഭുത സ്ഥലങ്ങൾ! (എല്ലാം നമ്മുടെ ഇന്ത്യയിൽ)

ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്. അവയാകട്ടെ ഒഴിവുകാല സഞ്ചാരികൾക്കു പ്രിയപ്പെട്ടതാവണമെന്നില്ല. എന്നാൽ സവിശേഷ സ്ഥലങ്ങൾ കാണാൻ കമ്പമുള്ളവർ കണ്ടിരിക്കേണ്ടതാണ്. അത്തരം ചില സ്ഥലങ്ങളെ ടൂറിസം ന്യൂസ് ലൈവ് പരിചയപ്പെടുത്തുന്നു.

ഒഴുകും വീട്, ഒഴുകും ദ്വീപ്

തടാകത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകൾ. അവയിൽ കുടിൽകെട്ടിപ്പാർക്കുന്ന ജനങ്ങൾ. ഇന്ന് കുടിൽ കിഴക്കോട്ടെങ്കിൽ നാളെ അത്‌ പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ആവാം. അനിമേഷൻ സാങ്കേതിക വിദ്യയിലൂടെ സിനിമയിൽ അനുഭവിക്കാവുന്ന കാഴ്ച്ചയല്ലിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെ ശുദ്ധജല തടാകമായ ലോക്ടക്കിലാണ്‌ പ്രകൃതി തീർത്ത ഈ അനിമേഷൻ.

അകലെ നിന്ന് നോക്കിയാൽ പുൽക്കൂട്ടങ്ങൾ നിറഞ്ഞ ചതുപ്പ്‌ പോലെ തോന്നും.  അടുത്തെത്തുമ്പോൾ അവ പുൽക്കൂട്ടങ്ങൾ അല്ല ദ്വീപുകളാണെന്ന് മനസിലാകും.പല ദ്വീപുകളിലും ആൾപ്പാർപ്പുണ്ട്‌. വാഴയും കിഴങ്ങുകളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്‌. പശുവും ആടും കോഴിയും വളർത്തുന്നുമുണ്ട്‌.

മണിപ്പൂരിൽ പോവുന്നവർ ലോക്ടക്‌ തടാകത്തിലെ വീടുകളിലൊന്നിൽ താമസിക്കണം. എങ്കിലേ ഈ അനുഭവം ബോധ്യമാവൂ.


അസ്ഥികൾ പൂക്കുന്ന തടാകം

ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള രൂപ്കുണ്ഡ് തടാകം സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു ഈ തടാകത്തെ നിഗൂഢമാക്കിയത് തടാകത്തിനുള്ളില്‍ കാണപ്പെട്ട ഇരുന്നൂറോളം മനുഷ്യരുടെ അസ്ഥികൂടങ്ങളും തലയോട്ടികളുമാണ്.

വർഷത്തിൽ ഒന്ന് രണ്ട് മാസത്തിലൊഴികെ മറ്റു സമയങ്ങളിലൊക്കെ ഈ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്. തടാകത്തിലെ മഞ്ഞുരുകുന്ന സമയങ്ങളിൽ അടിത്തട്ടിൽ കിടകുന്ന അസ്ഥികൂടങ്ങൾ കാണാനാവും. 1942ൽ ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡാണ് രൂപ്കുണ്ഡിലെ തലയോട്ടികൾ ആദ്യം കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇത് വഴി കടന്നുപോകുമ്പോൾ മരിച്ചുപോയ ജപ്പാനിലെ പട്ടാളക്കാരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ആദ്യകാലത്തെ വിശ്വാസം. ദൈവങ്ങളുടെ ശാപം നിമിത്തം മരണമടഞ്ഞവരുടെ കഥകളും അതിൽപ്പെടുമായിരുന്നു. എന്നാൽ ഏറ്റവും പുതിയ നിഗമനം ഈ അസ്ഥികൂടങ്ങൾ തദ്ദേശവാസികളുടേതാണെന്നാണ്. പെട്ടെന്നുള്ള ആലിപ്പഴ വർഷത്തിലാണ് ഇവർ മരിച്ചതെന്നും എ ഡി 850ൽ ആണ് ഇത് സംഭവിച്ചതെന്നുമാണ് പുതിയ നിഗമനം. കാര്യങ്ങൾ എന്തൊക്കെ ആയാലും രൂപ്‌കുണ്ഡ് ഇപ്പോൾ ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ്.

 

ഇവിടം സ്വർഗ്ഗമാണ്‌(എലികൾക്ക്)

രാജസ്ഥാനിലെ ബീക്കാനീർ ജില്ലയിലാണ് ദേഷ്‌നോക്ക് എന്ന സ്ഥലം. ഇവിടുത്തെ കർണിമാതാ ക്ഷേത്രമാണ് എലികളുടെ സ്വർഗം. ക്ഷേത്രത്തിൽ നിറയെ കറുത്ത എലികളാണ്. അപൂർവം വെള്ള എലികളെയും കാണാം. ഏകദേശം ഇരുപതിനായിരത്തിൽ അധികം എലികൾ ഉണ്ടെന്നാണ് കണക്ക്.എവിടെ തിരിഞ്ഞാലും എലികൾ അതുകൊണ്ടാണ് ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്ന് പറയുന്നത് .ഇരുപതാം നൂറ്റാണ്ടില്‍ ഗംഗാ സിംഗ് മഹാരാജാവാണ് കർണിമാതാ ക്ഷേത്രം നിർമ്മിച്ചത്.തീര്‍ത്ഥാടകര്‍ നല്‍കുന്ന പ്രസാദമാണ് എലികളുടെ ഭക്ഷണം. ദേഷ്‌നോക്കിൽ എത്തുന്ന ഭക്തർ എലികളെ ദൈവമായാണ് കരുതുന്നത്. എലികളുടെ ദര്‍ശനവും തീര്‍ത്ഥാടകരുടെ കാലിന് ലഭിക്കുന്ന സ്പര്‍ശനവും മംഗളകരമാണെന്നാണ് വിശ്വാസം.

അത്ഭുതം ഇമാംബര

വലിയ കെട്ടിടത്തിന്റെ മച്ചിന് താങ്ങൊന്നുമില്ല. അതും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്. ഇപ്പോഴും കാലത്തെയും സാങ്കേതികവിദ്യകളെയും വെല്ലുവിളിച്ച് തല ഉയർത്തി നിൽക്കുകയാണ് ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ ബാരാ ഇമാംബര. 50 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവുമുള്ള ഇമാംബരയിലെ പ്രധാന ഹാളിന്റെ മച്ചാണ് താങ്ങ് ഏതുമില്ലാതെ നിൽക്കുന്നത്. തൂണുകളില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന വിശാലമായ ഈ ഹാള്‍ ആരിലും അത്ഭുതം ഉണര്‍ത്തും.

ബാരാ ഇമാംബര എന്നാല്‍ വിശാലമായ പ്രാര്‍ത്ഥനാ സ്ഥലം എന്നാണ്‌ അര്‍ത്ഥം. ലക്‌നൗവിലെ നവാബ്‌ ആയിരുന്ന അസഫ്‌-ഉദ്‌-ദൗള 1783ലാണ് ഇത് നിര്‍മ്മിച്ചത് . അതിനാല്‍ ബാരാ ഇമാംബര അസഫി ഇമാംബരാ എന്നും അറിയപ്പെടുന്നു. 489 പ്രവേശന കവാടങ്ങളുള്ള ബാരാ ഇമാംബരയ്‌ക്ക്‌ അകത്ത്‌ കടന്നാല്‍ ആര്‍ക്കും വഴി തെറ്റും. അത്രയ്‌ക്ക്‌ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്‌ ഇതിലുള്ള എണ്ണമറ്റ ഇടനാഴികളും വാതിലുകളും. ഗോമതി നദിയിലേക്ക്‌ നീളുന്ന ഒരു തുരങ്കം ബാരാ ഇമാംബരയില്‍ ഉള്ളതായി പറയപ്പെടുന്നു. ഒരു മൈല്‍ നീളമുള്ള ഈ തുരങ്കം ഇപ്പോള്‍ അടച്ചിരിക്കുകയാണ്‌

വണ്ടി ഓഫ് എങ്കിലും ഇവിടെ മല കയറും.

ലഡാക്കില്‍ ലേയ്ക്ക് സമീപത്തായാണ് മാഗ്നറ്റ് ഹില്‍ സ്ഥിതി ചെയ്യുന്നത്. കാന്തിക പ്രഭയുള്ള മലയാണ് ഇതെന്നാണ് വിശ്വാസം. ഇതിന് അടുത്ത്കൂടെ പോകുന്ന കാറുകള്‍ ഈ മലയില്‍ നിന്ന് പുറപ്പെടുന്നത് കാന്തിക ശക്തിയില്‍ ആകര്‍ഷിക്കപ്പെടാറുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ്.

മാഗ്നറ്റ് ഹില്ലിനു സമീപം ഇങ്ങനൊരു ബോർഡ് കാണാം.’ഇവിടെ ഗുരുത്വാകര്‍ഷണത്തെ വെല്ലു വിളിച്ചു കൊണ്ട് നിങ്ങളുടെ വാഹനങ്ങള്‍ തനിയെ കയറ്റം കയറും! വാഹനങ്ങള്‍ ന്യൂട്രല്‍ ആക്കി ഈ കാണുന്ന വെളുത്ത വരയില്‍ നിര്‍ത്തിയിടുക’ നിങ്ങൾക്ക് ആ അത്ഭുതം കാണാം. വണ്ടി ഓണാക്കാതെ കയറ്റം കയറുന്നു. ഭയപ്പെടേണ്ട- കുഴപ്പം നമ്മുടെ കണ്ണിനാണ്! സത്യത്തില്‍ ഇത് കയറ്റമല്ല ! ഇറക്കമാണ് ! ന്യൂട്രലില്‍ ഇട്ട വണ്ടികള്‍ ഇറക്കത്തില്‍ ഉരുളുകയാണ് ചെയ്യുന്നത് .കണ്ണ് പണി തരുന്നു എന്ന് പറയാം. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ് ഇറക്കം കയറ്റമായി തോന്നുന്നതിനു പിന്നിൽ.


തൂങ്ങും തൂണുകളിൽ ക്ഷേത്രം

നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളാണ് ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിനുള്ളത്. എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതം.

 

കാടല്ല, മരമുത്തച്ഛൻ ..

ലോകത്തിലെ ഏറ്റവും വ്യാപ്തിയേറിയ ചില്ലകളുള്ള വൃക്ഷമെന്ന നിലയിൽ ഗിന്നസ്സ് ബുക്കില്‍ കയറിയിരിക്കുകയാണ് കൊല്‍കത്തയിൽ ഹൗറാനഗരിയിലെ ഷിബ്പൂര്‍ ഗ്രാമത്തിലുള്ള ഭീമൻ പേരാൽ. ആചാര്യ ജഗദീഷ് ചന്ദ്രബോസ് സസ്യോദ്യാനത്തിലാണ് ഒന്നര കിലോമീറ്റര്‍ വ്യാപിച്ച്, ഏതാണ്ട് 15,665 ചതുരശ്ര മീറ്ററില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ആൽമരം . ദൂരെനിന്നും നോക്കിയാല്‍ ഇതൊരു കാടാണെന്നെ തോന്നുകയുള്ളൂ. ഏകദേശം 300 വയസ്സെങ്കിലുമുണ്ട് ഈ മരമുത്തച്ഛന്.
നിർജ്ജീവാവസ്ഥയിലുള്ള ഒരു പനമരത്തില്‍ നിന്നും വളര്‍ന്നതാണ് ഈ ആൽമരം 1884ലും 1886ലുമുണ്ടായ രണ്ട് വലിയ ചുഴലികാറ്റുകളില്‍ ഇതിന്റെ താഴ്ത്തടിക്ക് ക്ഷതം പറ്റുകയും നശിക്കുകയും ചെയ്തിരുന്നു. വൃക്ഷത്തിൻ്റെ ശിഖരങ്ങളുടെ മൊത്തചുറ്റളവ് 450 മീറ്ററാണ്. ഇതില്‍ ഏറ്റവും വലിപ്പമുള്ള ശിഖരം 24.5 മീറ്റര്‍ ഉയരത്തിലാണ് നില്‍ക്കുന്നത്.
1786ൽ കണ്ടെത്തിയ ഇൗ മരമുത്തച്ഛനെ കാണാൻ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് വരുന്നത്.

വേരുകൾ കൊണ്ടൊരു പാലം

മേഘാലയയിൽ മനുഷ്യര്‍ പ്രകൃതിയുമായി ചേര്‍ന്ന് ചില അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന പാലങ്ങളാണ് അവ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റബ്ബര്‍ മരങ്ങൾ പോലുള്ളവയുടെ വേരുകള്‍ പുഴയ്ക്ക് കുറുകെ വളര്‍ത്തികൊണ്ടാണ് മേഘാലയിലെ ഖാസി ഗോത്ര വിഭാഗത്തിലുള്ളവർ പാലം തീർത്തിരിക്കുന്നത്.

വേരുകളില്‍ നിന്ന് രൂപപ്പെടുത്തുന്ന ഇത്തരം പാലങ്ങള്‍, മറ്റു മരപ്പാലങ്ങള്‍ പോലെ നശിക്കുകയോ കനത്ത വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുകയോ ഇല്ല. പക്ഷെ ഇത്തരത്തില്‍ പാലം നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളോളം എടുക്കും. വേരുകള്‍ നദിക്ക് കുറുകേ വളര്‍ന്ന് മനുഷ്യരുടെ ഭാരം താങ്ങാന്‍ വേണ്ട ത്രാണി നേടാനുള്ള കാലയളവാണ് ഇത്. ചില വേരുപാലങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്