News

സഞ്ചാരികളെത്തേടി ജാര്‍ക്കല്‍ വെള്ളച്ചാട്ടം

മഴക്കാലത്ത് ജാര്‍ക്കല്ലിന്റെ മനോഹാരിത ഒന്നു വേറെത്തന്നെയാണ്. വിനോദസഞ്ചാര സാധ്യത ഏറെയുള്ള ബേഡഡുക്ക പഞ്ചായത്തിലെ മറ്റു ഗ്രാമപ്രദേശങ്ങളെപ്പോലെ പ്രകൃതി ഒരുക്കിയ ഈ സവിശേഷത ഇനിയും അധികമാര്‍ക്കും അറിയില്ല. മൂന്ന് തോടുകള്‍ ഒന്നിച്ചു ചേര്‍ന്ന്, വിശാലമായി വിരിച്ചിട്ട പാറക്കല്ലുകളില്‍ത്തട്ടി ചിന്നിച്ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കുളിര്‍ക്കാഴ്ചയാണ്.

കുണ്ടംകുഴി ദൊഡുവയല്‍ ചൊട്ട പ്രദേശത്താണ് വെള്ളച്ചാട്ടം. ബിഡിക്കിക്കണ്ടം അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് ഒരു തോടിന്റെ ഉദ്ഭവം. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രസമീപത്തെ കോട്ടവയലില്‍ നിന്നും ദൊഡുവയല്‍ ചാണത്തലയില്‍ നിന്നുമാണ് മറ്റു രണ്ടു തോടുകളുടെയും ഉദ്ഭവം.

ചൊട്ടയില്‍ എത്തുമ്പോള്‍ ഇവ ഒന്നിച്ചു ചേരുന്നു. ജാര്‍ക്കല്‍ എന്നാണ് ഈ വെള്ളച്ചാട്ടത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. ജാര്‍ക്കല്‍ എന്നാല്‍ വഴുതുന്ന കല്ല് എന്നര്‍ഥം. മിനുസമേറിയ വലിയകല്ല് തോട്ടിലുടനീളം കാണാം. വേനല്‍ക്കാലത്തും ഇതില്‍ ചവിട്ടുമ്പോള്‍ വഴുതലുണ്ടാകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.

കടുത്തവേനലിലും ജാര്‍ക്കല്ലില്‍ വെള്ളം ലഭിക്കുന്നതിനാല്‍ വേനല്‍ക്കുണ്ട് എന്നും നാട്ടുകാര്‍ ഇതിന് പേരിട്ടു. കുമ്പാര്‍ത്തോട് പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ഈ കുഴിയെ ആശ്രയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

പയസ്വിനി പുഴയിലേക്കാണ് തോട് ചേരുന്നത്. പുഴയുമായി തോട് ചേരുന്നയിടം പ്രാദേശിക ഭാഷയില്‍ തോട്ബായ എന്നാണറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തെ തുടര്‍ന്ന് പുഴയിലെത്തിച്ചേരാന്‍ ചെറുദൂരം മാത്രം ഒഴുകുന്ന തോടിനിരുവശവും പ്രകൃതിഭംഗി ആവോളമുണ്ട്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കാതടപ്പിക്കുന്ന ശബ്ദത്തില്‍ തോട് ഒഴുകുന്നത്. പയസ്വിനി പുഴയ്ക്ക് തോണിക്കടവില്‍ പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പാലം യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ പേര്‍ ഇതുവഴി കടന്നുപോകുന്നത് വിനോദ സഞ്ചാര സാധ്യത വര്‍ദ്ധിപ്പിക്കും.

ഇങ്ങനെ എത്താം

ദേശീയപാത പൊയിനാച്ചി, പെരിയ എന്നിവിടങ്ങളില്‍ നിന്നു ബന്തടുക്ക ഭാഗത്തേക്ക് സഞ്ചരിച്ച് കുണ്ടംകുഴിയിലെത്താം. ഇവിടെ നിന്നു പായം റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദൊഡുവയല്‍ ചൊട്ടയിലെത്തും. വെള്ളച്ചാട്ടത്തിനടുത്തേക്ക് ജീപ്പ് മാത്രമേ സുഗമമായി പോകുകയുള്ളൂ. മറ്റു വാഹനങ്ങളാണെങ്കില്‍ 200 മീറ്റര്‍ അകലെ നിര്‍ത്തിയിടണം.