Adventure Tourism

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്

നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മത്സരാര്‍ത്ഥിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്.

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുകയും കൂടാതെ ജി എം ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളാണ് സഹായ സഹകരണങ്ങളോടെയാവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക എന്ന് മന്ത്രി പറഞ്ഞു.

ജര്‍മ്മനി, ഫ്രാന്‍സ് ഇറ്റലി, സ്‌പെയിന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, ഇന്തൊനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, യുഎസ്എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫ്രഞ്ച് ഒളിമ്പിക്‌സ് സംഘാംഗവും നിലവിലെ ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാനും, സ്‌പെയിനില്‍ നിന്നുള്ള ഗോഡ് സെറ സോള്‍സും, 2012 ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെകും, അമേരിക്കന്‍ ഫ്രീ സ്റ്റെല്‍ സംഘാംഗവും റെഡ്ബുള്‍ അതിലറ്റുമായ ഡെയിന്‍ ജാക്‌സണും, കാനഡ ഫ്രീ സ്റ്റെല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

2013ലാരംഭിച്ച മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദ മേളകളില്‍ ഒന്നായി മാറിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല പുറത്തുനിന്നുമുള്ള സാഹസിക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്കും റിവര്‍ ഫെസ്റ്റിവല്‍ മാറിയിട്ടുണ്ടെന്നും മലബാര്‍ ടൂറിസത്തിനും കോഴിക്കോട് മണ്‍സൂണ്‍ ടൂറിസത്തിനും ഈ പരിപാടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ടൂറിസം സെക്രട്ടറി പറഞ്ഞു.

Photo Courtesy: Sharad Chandra

കേരളത്തിലെ ഏറ്റവും പ്രകൃതി രമണീയമായ നദിയില്‍ നടത്തുന്ന ചാമ്പ്യഷിപ്പില്‍ തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യയിലെ വ്യക്തികള്‍ക്കായി മത്സരങ്ങള്‍ ഉണ്ടായിരിക്കും.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ അന്താരാഷ്ട്ര കാനോയിംഗ് ഫെഡറേഷന്‍ അംഗീകരിച്ചിരിക്കുന്ന ഫ്രീ സ്റ്റൈല്‍, സ്ലാലോം, എക്‌സട്രീം സ്ലാലോം എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം.

മികച്ച സൗകര്യങ്ങളോട് കൂടിയുള്ള മത്സരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ദേശീയ അന്തര്‍ ദേശീയ അത്‌ലറ്റുകളും പുറത്ത് നിന്നുമുള്ള സാഹസിക പ്രേമികളും മത്സരം കാണാന്‍ എത്തുന്നുണ്ടെന്നും, ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പായത് കൊണ്ട് തന്നെ വലുതും കാഠിന്യമേറിയതും മികവുറ്റ മത്സരവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലൂടെ കേരളത്തിനെ സാഹസികതയുടെ നാടായി മാത്രം ബ്രാന്‍ഡ് ചെയ്യാനല്ല മറിച്ച് കോഴിക്കോടിനെ രാജ്യത്തെ പ്രധാനപ്പെട്ട കയാക്കിങ് കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജര്‍മ്മനി, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള ക്യാമറ സംഘം സമൂഹമാധ്യമങ്ങള്‍ വഴി മത്സരത്തിന്റെ തത്സമയ സംപ്രേഷണം നടത്തും. അഡിഡാസ് സിക് ലൈന്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്‌സിന്റെ സംഘാടകര്‍ ഒലാഫ് ഒബ്‌സൊമ്മെറാണ് ജര്‍മ്മന്‍ ക്യാമറാ സംഘത്തെ നയിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന സാഹസിക കായികവിനോദ ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങള്‍ ക്യാമറ സംഘം സന്ദര്‍ശിക്കുന്നുണ്ട് .

അന്താരാഷ്ട്ര ബ്രാന്‍ഡുകളായ വുഡ്‌ലാന്‍ഡ്, ഗോപ്രോ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.