EXCLUSIVE

ടൂറിസം റഗുലേറ്ററി അതോറിറ്റി കരട് ബിൽ തയ്യാർ; പിഴ ചുമത്താനും നടപടിയെടുക്കാനും അധികാരം

Image result for kerala tourism

കേരള ടൂറിസം രംഗത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ടൂറിസം റഗുലേറ്ററി അതോറിറ്റിയുടെ കരട് ബിൽ തയ്യാറായി. ടൂറിസം രംഗത്തു നിന്നടക്കം ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ രൂപം തയ്യാറാക്കുകയെന്നു സംസ്ഥാന ടൂറിസം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കരടു ബില്ലിന്റെ പകർപ്പ് ടൂറിസം ന്യൂസ് ലൈവിന് ലഭിച്ചു.

പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയോ നടപടി എടുക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റിക്ക് അധികാരം ഉണ്ടാകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും അതോറിറ്റിക്ക് അധികാരം ഉണ്ട്. വീഴ്ച്ച വരുത്തിയത് കണ്ടെത്തുന്നത് ആദ്യ തവണയെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടാം തവണയെങ്കിൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വീണ്ടും തെറ്റ് ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും കരട് ബിൽ  നിർദ്ദേശിക്കുന്നു.

Image result for kerala secretariat

തെറ്റായ വാഗ്ദാനം നൽകി സഞ്ചാരികളെ ആകർഷിക്കുന്നതും കുറ്റകരമാണ്. പരസ്യത്തിലോ പാക്കേജിലോ വിശദീകരിച്ച വാഗ്ദാനം ലഭ്യമായില്ലെങ്കിൽ പലിശ സഹിതം മുഴുവൻ തുകയും തിരിച്ചു കൊടുക്കേണ്ടി വരും. തുക അടയ്ക്കാൻ വിസമ്മതിച്ചാൽ മറ്റു തരത്തിൽ പണം ഈടാക്കാമെന്നും കരടിൽ പറയുന്നു.

പുതിയ ലൈസൻസിനും ക്ളാസിഫിക്കേഷനും സർക്കാരിന് അതോറിറ്റിയുടെ അഭിപ്രായം തേടാം. മുപ്പതു ദിവസത്തിനകം അതോറിറ്റി അഭിപ്രായം അറിയിക്കണം. അപേക്ഷയുടെ വിശദാമ്ശങ്ങൾ അതോറിറ്റിക്ക് സർക്കാരിനോടും ആരായാം. സർക്കാർ ഇത് പത്തു ദിവസത്തിനകം നൽകണം.

ടൂറിസം രംഗത്തെ അനഭിലഷണീയ പ്രവണതകളിൽ അതോറിറ്റിക്ക് പിഴ ഈടാക്കാം. പരാതികളിൽ 90 ദിവസത്തിനകം തീർപ്പുണ്ടാക്കണം. ദിവസം നീണ്ടാൽ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. തെളിവുകൾ ഹാജരാക്കാനും ആരെയും വിളിച്ചു വരുത്താനും അതോറിറ്റിക്ക് അധികാരം ഉണ്ടാകും.

ടൂറിസം രംഗത്ത് വഞ്ചന, തട്ടിപ്പ്, ലഹരി പീഡനം, ബാല പീഡനം, വേശ്യാവൃത്തി തുടങ്ങിയവയുണ്ടെങ്കിൽ അതോറിറ്റിക്ക് അന്വേഷിക്കാം.

Image result for kerala tourism

അതോറിറ്റി തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ മുപ്പതു ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാം. സിവിൽ കോടതികൾക്ക് തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമില്ല.

ചെയർപേഴ്‌സൺ അടക്കം അഞ്ചിൽ കുറയാത്ത അംഗങ്ങൾ അടങ്ങിയതാകും കമ്മീഷൻ.ചെയർപേഴ്‌സൺ ആയി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ടൂറിസം രംഗത്തു 20 വർഷത്തെയെങ്കിലും പരിചയമോ അംഗങ്ങൾക്ക് 15 വർഷത്തെയെങ്കിലും പരിചയമോ വേണമെന്ന് കരട്  ബിൽ വ്യവസ്ഥ ചെയ്യുന്നു.