Tech

നിസാൻ ഹബിന് സ്ഥലം; സർക്കാർ ഉത്തരവായി

Related image

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം നിസാന്‍ കമ്പിനി പ്രതിനിധികള്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തി ഡിജിറ്റല്‍ ഹബ്ബിനുള്ള സാധ്യതകള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീരുമാനമനുസരിച്ച് രൂപീകരിച്ച കോര്‍കമ്മിറ്റി ഡിജിറ്റല്‍ ഹബ്ബിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു. നിസാന്റെ വരവ് സംസ്ഥാനത്തെ ഐടി അധിഷ്ഠിതവ്യവസായവളര്‍ച്ചക്ക് വേഗം കൂട്ടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.