News

ഗ്രീന്‍ ലൈന്‍ മെട്രോ പാത തുറന്നു

മുണ്ട്ക മുതല്‍ ബഹദൂര്‍ഗഡ് വരെയുള്ള ഗ്രീന്‍ ലൈന്‍ മെട്രോ പാത ഗതാഗതത്തിനു തുറന്നു കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ ബഹാദുര്‍ഗഡ് സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി.

തുടര്‍ന്ന് ഇവര്‍ പുതിയ റൂട്ടില്‍ മെട്രോയില്‍ യാത്ര ചെയ്തു. ഇന്നലെ വൈകിട്ടു നാലിനു പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആകെ 11.2 കിലോമീറ്റര്‍ ദൂരമുള്ള പാത തുറന്നതോടെ അയല്‍സംസ്ഥാനമായ ഹരിയാനയിലേക്കുള്ള ഡല്‍ഹി മെട്രോയുടെ മൂന്നാമത്തെ പാതയാകുമിത്. പൂര്‍ണമായും തൂണുകളിലാണ് പാത നിര്‍മിച്ചിരിക്കുന്നത്.

ഇന്ദര്‍ലോക് മുതല്‍ മുണ്ട്ക വരെയുള്ള ഗ്രീന്‍ പാത ദീര്‍ഘിപ്പിച്ചാണ് ബഹദൂര്‍ഗഡ് വരെയെത്തിക്കുന്നത്. ഹരിയാനയുമായി രാജ്യതലസ്ഥാനനഗരത്തെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാകുമിത്. നിലവില്‍ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലേക്കു മെട്രോ പാതയുണ്ട് (നീല, വയലറ്റ് പാതകള്‍).

പുതിയ ഭാഗം തുറന്നുനല്‍കുന്നതോടെ ഗ്രീന്‍ ലൈനിന്റെ ആകെ ദൈര്‍ഘ്യം 26.33 കിലോമീറ്ററാകും. ഡല്‍ഹി മെട്രോ റെയില്‍ ശൃംഖല 288 കിലോമീറ്ററായി ഉയരും. ആകെ സ്റ്റേഷനുകള്‍ 208 എണ്ണമാകും. ഇന്ദര്‍ലോക് മുതല്‍ സിറ്റി പാര്‍ക്ക് വരെയുള്ള സഞ്ചാരസമയം 50 മിനിറ്റാണ്. 1.7 ലക്ഷം ജനസംഖ്യയുള്ള ബഹദൂര്‍ഗഡ് വിദ്യാഭ്യാസ, വ്യവസായ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഒട്ടേറെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.