Kerala

യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം

അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി.

അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്‌സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത്

യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക്
കോവളത്തെ പ്രഭാതം  പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു

ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്.

ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ കേരളം കണ്ടിട്ടുണ്ടെങ്കിലും ഇത്രയേറെ വിദേശികളുടെ യോഗ സംസ്ഥാനത്തിനും പുതുമയായി.