Middle East

ഈ വിമാനത്തില്‍ ആകാശകാഴ്ചകള്‍ വെര്‍ച്വലായി മാത്രം

ജനാലകളില്ലാത്ത വിമാനവുമായി ദുബായ് ആസ്ഥനമായിട്ടുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300 ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക.


ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറംകാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു.

പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ലാത്തവയാണ് വിമാനത്തിലെ ജനലുകള്‍. എന്നാല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് സമയത്ത് വിമാനത്തിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് കൊണ്ടുതന്നെ ജനാലകളിലൂടെയുള്ള വെളിച്ചം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറുണ്ട്.

ഇതോടൊപ്പം വിമാനത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സം നേരിടുമ്പോഴും സഹാകരമാകുന്നത് ജനാലകള്‍ വഴി കടക്കുന്ന വെളിച്ചമാണ്.
ജനാലകള്‍ വിമാനത്തിലെ യാത്രാനുഭവം മികച്ചതാക്കാന്‍ വലിയ പങ്കുവഹിക്കുന്നതാണെന്നും ഇവ ഇല്ലാതാകുമ്പോള്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ബിസിനസ്സ് തലത്തില്‍ നോക്കുമ്പോള്‍ വിന്‍ഡോ സീറ്റിന് അമിത വില ഈടാക്കികൊണ്ട് വിമാന കമ്പനികള്‍ നേടുന്ന ലാഭവും ഇല്ലാതാക്കാന്‍ പ്രാപ്തമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.