Places to See

മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ:

ഇടുക്കി

ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം.

വയനാട്

മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.

 


അതിരപ്പിള്ളി

മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും. മഴക്കാല ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് അതിരപ്പിള്ളിയിലുള്ളത്. അലറിയാര്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വന്യത, ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ധവള സൗന്ദര്യം, നിറഞ്ഞുനില്‍ക്കുന്ന പെരിങ്ങല്‍കുത്ത് സമാനതകളില്ലാത്ത കാനക്കാഴ്ചകളാണ് അതിരപ്പിള്ളി ഒരുക്കിവച്ചിട്ടുള്ളത്.

 

തുഷാരഗിരി

കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട പ്രദേശമാണിത്. എന്നാല്‍, ഒരു ഭാഗം ജീരകപ്പാറ വനമേഖലയില്‍ ഉള്‍പ്പെട്ടതാണ്.

ഗവി

പത്തനംതിട്ടയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ, ഏലക്കാടുകള്‍ നിറഞ്ഞ ഗവി ഏതൊരു സഞ്ചാരിയുടെയും സ്വപ്ന സങ്കേതമാണ്. ജീവിത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും ട്രക്കിങും ജംഗിള്‍ സഫാരിയുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.
തേക്കടിക്ക് അടുത്തുള്ള കുമളിയിൽ നിന്ന് ഗവിയിൽ എത്തിച്ചേരാൻ വനത്തിന് നടുവിലൂടെ ഒരു പാതയുണ്ട്

പൂവാർ

കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പൂവാര്‍. കടലും കായലും ചേര്‍ന്ന് അതിരു തീര്‍ക്കുന്ന അഴിമുഖമാണ് പൂവാറിന്റെ ആകര്‍ഷണം. നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്ന സ്ഥലവും പൂവാര്‍ തന്നെയാണ്. മഴയില്‍ കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഒന്നും നോക്കണ്ട.. നേരേ വിട്ടോ പൂവാറിലേക്ക്.

പൂവാര്‍ ദ്വീപിലെ കാടുകള്‍ക്കിടയിലൂടെ ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം മാത്രമേ പൂവാറിലേക്കുള്ളു. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലിറങ്ങിയാല്‍ 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്താന്‍. കോവളത്തുനിന്നും 12 കിലോമീറ്റര്‍ ദൂരമാണ് പൂവാറിലേക്കുള്ളത്.