Kerala

പുരവഞ്ചി മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.


വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല.

അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി.

തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കളക്ടറുടെ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിച്ചു. എന്നാല്‍ പിന്നെയും തൊഴിലാളികളും ഉടമകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പൂര്‍ണമായും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെങ്കിലും ഇപ്പോഴും പുരവഞ്ചികള്‍ സര്‍വീസ് നടത്തുന്നുണ്ട്.