EXCLUSIVE

പ്രാദേശിക യാത്രകൾക്ക് കെടിഡിസി – ക്ലിയർ ട്രിപ്പ് ധാരണ; ടൂറിസം മേഖലയിൽ ഇത്തരം സഹകരണം ആദ്യം

ഹോട്ടൽ ബുക്കിംഗ് മാത്രമല്ല കേരളത്തിൽ പ്രാദേശിക ടൂറുകൾക്കും കെടിഡിസി (കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ)യുമായി ക്ലിയർ ട്രിപ്പിന്റെ ധാരണ. ആദ്യമായാണ് ഒരു രാജ്യാന്തര ഓൺലൈൻ ട്രാവൽ സൈറ്റ് പ്രാദേശിക ടൂറുകൾക്ക് ഏതെങ്കിലും സ്ഥാപനവുമായി കൈകോർക്കുന്നത്.

തേക്കടിയിലെ ബോട്ട് യാത്ര, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രാദേശിക ടൂറുകൾ എന്നിവയ്ക്ക് ഇനി ക്ലിയർ ട്രിപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ ഇവയ്ക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല.

കെടിഡിസി നടത്തുന്ന ഹോട്ടലുകളിൽ താമസത്തിന് ക്ലിയർ ട്രിപ്പ് അടക്കം യാത്രാ ഓൺലൈൻ സൈറ്റുകൾക്ക് നേരത്തെ തന്നെ സൗകര്യമുണ്ട്.

തേക്കടിയിലെ പെരിയാർ തടാകത്തിലെ ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1050 യാത്രക്കാർ പ്രതിദിനം കെടിഡിസിയുടെ നാല് ബോട്ടുകളിലായി പെരിയാർ കാണുന്നുണ്ട്. ഈ വർഷം സെപ്റ്റംബറോടെ കൂടുതൽ ബോട്ട് ഇറക്കാനാണ് കെറ്റിഡിസിയുടെ പദ്ധതി. പ്രാദേശിക സന്ദർശനങ്ങൾക്കു കെടിഡിസി ഭാവിയിൽ തുടങ്ങുന്ന പദ്ധതികളിലും ക്ലിയർ ട്രിപ്പ് പങ്കാളിയാകും.

കെടിഡിസിയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ക്ലിയർ ട്രിപ്പ് വൈസ് പ്രസിഡണ്ട് അങ്കിത് രസ്തോഗി പറഞ്ഞു.ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനമുണ്ട്. ഈ സഹകരണം കൊണ്ട് ഏറ്റവും വലിയ നേട്ടം സഞ്ചാരികൾക്കാണെന്നും രസ്തോഗി പറഞ്ഞു.

ക്ലിയർ ട്രിപ്പുമായി പ്രാഥമിക ധാരണ മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും പദ്ധതി എങ്ങനെ വേണമെന്ന കാര്യത്തിൽ അന്തിമധാരണയിലെത്താൻ പോകുന്നതേയുള്ളുവെന്നും കെടിഡിസി മാർക്കറ്റിങ് മാനേജർ രാജ്‌മോഹൻ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. രാജ്യാന്തര ഓൺലൈൻ ഏജൻസികളെ ആദ്യം വരവേറ്റത് കെടിഡിസിയാണ് .ഹോട്ടൽ ബുക്കിംഗുമായി ആദ്യം എത്തിയത് ബുക്കിംഗ് ഡോട്ട് കോമാണ്. പിന്നീട് ട്രാവൽ ഗുരു വന്നു. ഇപ്പോൾ പ്രാദേശിക യാത്രകൾക്കും കെടിഡിസി രാജ്യാന്തര യാത്രാ ഏജൻസികളുമായി കൈ കോർക്കുകയാണെന്നും ഇതിനു തുടക്കമാണ് ക്ലിയർ ട്രിപ്പുമായുള്ള സഹകരണമെന്നും രാജ്മോഹൻ വ്യക്തമാക്കി.