Kerala

എറണാകുളം സൗത്തിലും ബഗ്ഗി സര്‍വീസ്

എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി സര്‍വീസ് ആരംഭിച്ചു. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ബഗ്ഗി കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്കു 30 രൂപയാണു നിരക്ക്. ബെംഗളൂരു ആസ്ഥാനമായ മെയ്‌നി മെറ്റീരിയല്‍സ് മൂവ്‌മെന്റ് എന്ന സ്ഥാപനത്തിനാണു കരാര്‍. ബഗ്ഗി സര്‍വീസിന്റെ ഉദ്ഘാടനം കെ.ജെ. സോഹന്‍ നിര്‍വഹിച്ചു.

സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു ബഗ്ഗികളാണ് എറണാകുളത്തു സേവനത്തിനുള്ളത്. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍, ഗുരുവായൂര്‍ സ്റ്റേഷനുകളില്‍ രണ്ടു വീതവും തിരുവനന്തപുരം സെന്‍ട്രല്‍ (മൂന്ന്), കന്യാകുമാരി (ഒന്ന്), നാഗര്‍കോവില്‍ (രണ്ട്) എന്നിങ്ങനെ ബഗ്ഗി സര്‍വീസിന് കമ്പനി കരാര്‍ നേടിയിട്ടുണ്ട്.

24 മണിക്കൂറും സ്റ്റേഷനില്‍ ബഗ്ഗി സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കു ബഗ്ഗി സൗകര്യം ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന പ്രവേശന കവാടത്തിനുള്ളില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കു കയറുന്നതിനു തൊട്ടുമുന്‍പായാണു ബഗ്ഗി പാര്‍ക്കിങ് ഏരിയ.