Kerala

കല്ലാറ്റില്‍ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

അടവിയിൽ കല്ലാറ്റില്‍ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂര സവാരി ആറു മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. ഇന്നലെയെത്തിയ സഞ്ചാരികളിൽ ഏറെയും ദീർഘദൂര സവാരി നടത്തി.

മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയവും മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും പിന്നിട്ട് രണ്ടു മണിക്കൂറോളമുള്ള ദീർഘദൂര സവാരി സഞ്ചാരികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അപകടസാധ്യതയില്ലാതെയുള്ള സാഹസിക സഞ്ചാരമാണിത്. അടവിയുടെ കാഴ്ചകള്‍ തേടി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്.

യാത്രയിൽ ഇടികല്ലിൽ എത്തുമ്പോഴുള്ള തിരയിളക്കവും ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് സാഹസികത സമ്മാനിക്കും. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തെ മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്രക്കാർക്ക് സവാരി കേന്ദ്രത്തിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ ക്രമീകരിച്ചിട്ടുണ്ട്.