Places to See

കലയുടെ കവിത രണ്‍കപൂര്‍

രണ്‍കപൂര്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം.രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇവിടവും. രാജാക്കന്‍മാരും ചരിത്രപുരുഷന്‍മാരും ചേര്‍ന്ന് കഥകളൊരുക്കിയിരിക്കുന്ന ഇവിടുത്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെ മനോഹരമായ വാസ്തുവിദ്യയാല്‍ ഒരുക്കിയിരിക്കുന്നു.

ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണുവാനും പഠിക്കുവാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ഇവിടെ എത്തുന്നു. ചരിത്രത്തെയും കലയെയും സ്‌നേഹിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടം കൂടിയാണ് രണ്‍കപൂര്‍. ഒട്ടേറെ പ്രത്യേകതകളുള്ള, പാലിയിലെ പ്രശസ്ത കലാഗ്രാമമായ രണ്‍കപൂറിനെക്കുറിച്ച് കൂടുതലറിയാം.

രണ്‍കപൂറിലെ ജൈനക്ഷേത്രം

രണ്‍കപൂറിലേക്കുള്ള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഇവിടുത്തെ ജൈനക്ഷേത്രങ്ങള്‍. നിര്‍മ്മാണ ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ മാതൃക കൊണ്ടും കൊത്തുപണികള്‍കൊണ്ടും ലോകം മുഴുവന്റെയും ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഈ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇത് ധര്‍നാ ഷാ എന്നു പേരായ ഒരു വ്യാപാരിയാണ് പണികഴിപ്പിച്ചത്.

തനിക്ക് ലഭിച്ച ഒരു ദിവ്യദര്‍ശനത്തെത്തുടര്‍ന്നാണ് ധര്നാ ഷാ ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. മാര്‍ബിളുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന തൂണുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ല്‍മം. പുരാതന വാസ്തുവിദ്യാരീതിയില്‍ നിര്‍മ്മിച്ചതാണെങ്കിലും ഒരു ആധുനികതയ്ക്കും ഇതിന്റെ ഭംഗിയെ മാറ്റുവാനായിട്ടില്ല. ക്ഷേത്രത്തെക്കുറിച്ച് അറിയുവാനും ഇതിനെക്കുറിച്ച് പഠിക്കുവാനുമായി ധാരാളം ഗവേഷകരും വിദ്യാര്‍ഥികളും ഇവിടെ എത്താറുണ്ട്. മാത്രമല്ല, ജൈനമതവുമായി ബന്ധപ്പെട്ട തീര്‍ഥാടകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

സൂര്യനാരായണ ക്ഷേത്രം

ജൈനക്ഷേത്രത്തോടൊപ്പം ഇവിടെ സന്ദര്‍ശിച്ചിരിക്കേണ്ട മറ്റൊരു സ്ഥലമാണ് സൂര്യദേവനു സമര്‍പ്പിച്ചിരിക്കുന്ന സൂര്യനാരായണ ക്ഷേത്രം. ഇതിനെ ഒരു അത്ഭുത ക്ഷേത്രം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല, കാരണം നിര്‍മ്മാണം കൊണ്ട് ഒരു അത്ഭുതം തന്നെയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഈ അത്ഭുത ക്ഷേത്രം കാണുവാനായി ദൂരദേശങ്ങളില്‍ നിന്നുപേലും ഭക്തരും സഞ്ചാരികളും ഇവിടെ എത്തുന്നു.

രണ്‍കപൂറിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണിത്. ക്ഷേത്രത്തിന്റെ ചുവരുകളിലെ ചിത്രങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. പുരാണങ്ങളുമായു ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ട ധാരാളം കഥാസന്ദര്‍ഭങ്ങള്‍ ഇവിടുത്തെ ചുവരുകളില്‍ കാണാം. സമാധാനവും ശാന്തതയുമുള്ള അന്തരീക്ഷമാണ് ക്ഷേത്രത്തിനു ചുറ്റിലും ഉള്ളത്. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇവിടം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ വലിയൊരു നഷ്ടം തന്നെയായിരിക്കും.

സദ്രി നഗര്‍

രണ്‍കപൂറില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ നഗരമായ സദ്രിനഗര്‍. ക്ഷേത്രനഗരമെന്ന് ഇവിടം വിളിക്കപ്പെടുവാനുള്ള പ്രധാന കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന എണ്ണമറ്റ ക്ഷേത്രങ്ങളാണ്.

ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ഇവിടെ ഒരുകാലത്ത് ഭരിച്ചിരുന്നത് സിന്ധല്‍ റാത്തോര്‍ എന്നു പേരായ ഒരു ഭാരണാധികാരിയായിരുന്നു. സമീപത്തുള്ള നഗരമായ മാര്‍വാടിനെ സംബന്ധിച്ചെടുത്തോളം ഇവിടം അവരുടെ നഗരത്തിലേക്കുള്ള ഒരു പ്രവേശന കവായമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹൈന്ദവ വിശ്വാസികളോടൊപ്പം ജൈനമതക്കാര്‍ക്കും ഇവിടം ഒരു പുണ്യനഗരം തന്നെയാണ്.

എങ്ങനെ എത്താം

രാജസ്ഥാനിലെ പാലി ജില്ലയില്‍ സദരി നഗറിനു സമീപത്തുള്ള ദേസൂരി തഹ്‌സീല്‍ എന്ന സ്ഥലത്തിനു അടുത്താണ് രണ്‍കപൂര്‍ സ്ഥിതി ചെയ്യുന്നത്.ജോധ്പൂരിയും ഉദയ്പൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇടമാണിത്. ജോധ്പൂരില്‍ നിന്നും 162 കിലോമീറ്ററും ഉദയ്പൂരില്‍ നിന്നും 91 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ഫാല്‍നയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍.ഉദയ്പൂരില്‍ നിന്നും ഇവിടേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാം.