Europe

മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി

ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക.

മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ്‌ മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു.

ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും.

ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ഖത്തർ എയർവെയ്‌സിന്‍റെ ക്യു ആർ 311 നമ്പർ വിമാനം ഉച്ചക്ക് ഒരു മണിക്ക് മൈകൊണോസിൽ എത്തിച്ചേരും. മൈകൊണോസിൽ നിന്നും ഇതേദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മണിക്ക് തിരികെ ക്യു ആർ 312 നമ്പർ വിമാനം ഖത്തറിലേക്ക് പറന്ന് വൈകീട്ട് 6.40ന് ദോഹയിൽ എത്തിച്ചേരും.