പച്ചപ്പണിഞ്ഞ് മാടായിപ്പാറ

കണ്ണിന് കുളിരേകുന്ന കാഴാച്ചകളുടെ കലവറയാണ് മാടായിപ്പാറ. കാലാവസ്ഥയ്ക്കനുസരിച്ച് നിറങ്ങളുടെ വര്‍ണ്ണക്കാഴ്ച്ച സമ്മാനിക്കുന്ന ഇടം. വേനലില്‍ സ്വര്‍ണ്ണ വര്‍ണ്ണം, മഴക്കാലമായാല്‍ പച്ചപ്പ്, വസന്തത്തില്‍ നീല നിറം ഇങ്ങനെയാണ് മാടായി.


മാടായിയില്‍ എത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണ് അമ്പലത്തറ. മൂന്നേക്കറോളം വരുന്ന പാറയിലെ അമ്പലത്തറക്കണ്ടം. ഒരു കാലത്ത് സമൃദമായ നെല്‍പാടമായിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിപ്പണിക്ക് തൊഴിലാളികളുടെ ക്ഷാമവും മൂലം പാടെ നിലച്ചു പോവുകയായിരുന്നു.

ഇത്തരത്തില്‍ മാടായിപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കാട് കയറി മൂടിയിരിക്കുകയാണ്. മാടായിപ്പാറയിലെ ജൂതക്കുളത്തിനു സമീപം വടക്ക്-പടിഞ്ഞാറ് ഭാഗം, വടകുന്ദ തടാകത്തിന് പടിഞ്ഞാറ് ഭാഗം തുടങ്ങി ചെറുതും വലുതുമായ നെല്‍പാടങ്ങള്‍ പാറയിലെ ഒരുകാലത്തെ നെല്ലറകള്‍ കൂടിയായിരുന്നു.

കഠിനമായ മേല്‍പാറയില്ലാത്ത ഉപരിതലത്തിലാണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. പാറയിലെ അമ്പലത്തറകണ്ടമുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കൂത്താട, കഴമ, കീരിപാല എന്നീ നെല്ലിനങ്ങളാണ് കൃഷിചെയ്തിരുന്നത്.

മുന്‍കാലങ്ങളില്‍ മാടായിക്കാവില്‍ നിവേദ്യത്തിനാവശ്യമായ മലര് ഉണ്ടാക്കുന്നതും അമ്പലത്തറകണ്ടത്തില്‍ വിളവെടുത്ത നെല്ല് ഉപയോഗിക്കാറുണ്ടെന്നും കണ്ടത്തിന്റെ ഉടമകള്‍ പറയുന്നു.

മൂന്ന് ഏക്കറോളം പരന്ന് കിടക്കുന്ന അമ്പലത്തറകണ്ടത്തിന് നടുവിലായി ഓട് മേഞ്ഞ ഒരു ദേവസ്ഥാനവും കാണാം. മാടായിക്കാവിന് സമീപത്തെ താഴത്ത് ഇല്ലത്തില്‍ പെട്ടതും മാടായിക്കാവിലെ പ്രധാന അവകാശികൂടിയായിരുന്ന ഗുരു സമാധിയായ സ്ഥലമാണിതെന്ന് പറയപ്പെടുന്നു. ഇവിടെ എല്ലാ മാസവും പൗര്‍ണമി നാളുകളില്‍ പൂജാദികര്‍മങ്ങള്‍ ചെയ്തുവരുന്നു.