Auto

ജയിംസ് ബോണ്ടിന്റെ സൂപ്പര്‍ കാര്‍ ലേലത്തിന്

ബോണ്ട് സിനിമ പ്രേമികളെ എന്നും ഹരം കൊള്ളിക്കുന്ന പേരാണ്. ബോണ്ട് മാതൃക അനുകരിക്കാത്ത ഒരു ആരാധകര്‍ പോലും ലോകത്ത് കാണില്ല.
ജയിംസ് ബോണ്ട് ചിത്രം ‘ഗോള്‍ഡന്‍ ഐ’ യില്‍ ഉപയോഗിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ബോണ്‍ഹാംസില്‍ നടക്കുന്ന ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ലേലത്തിന് വെയ്ക്കും. ബോണ്ടിന്റെ ചടുല നീക്കങ്ങള്‍ക്ക് സാരഥിയായ കാറിന്റെ ലേലം ജൂലായ് 13 നാണ് നടക്കുക.

ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ ആസ്റ്റണ്‍ കാറുകളുടെ സാന്നിധ്യവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1995 -ല്‍ ജയിംസ് ബോണ്‍ പരമ്പരയില്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡന്‍ ഐ’ ചിത്രത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ജയിംസ് ബോണ്ടായി ചിത്രത്തില്‍ വേഷമിട്ടത്.

ഏറ്റവും വിലമതിക്കുന്ന ജയിംസ് ബോണ്ട് കാറെന്ന ഖ്യാതി കൂടിയുണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്. ലേലത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍ കാറിന് വില ലഭിക്കുമെന്നാണ് പ്രതീക്ഷ. അതായത് ഏകദേശം 10.15 മുതല്‍ 13.54 കോടി രൂപ വരെ. താര പ്രൗഢി കൊണ്ട് ഇതിന് മുകളിലും കാര്‍ ലേലത്തില്‍ പോയേക്കാം.

ഏഴു ജയിംസ് ചിത്രങ്ങളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ ലോകത്തെമ്പാടും നടന്ന വിവിധ ലേലങ്ങളില്‍ ഇവയില്‍ പലതും വമ്പന്‍ വിലയ്ക്കാണ് വിറ്റുപോയത്. ഇതുവരെ 1059 ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 മോഡലുകളെ മാത്രമാണ് കമ്പനി വിറ്റത്. 1963 മുതല്‍ 1965 വരെ കാലയളവിലായിരുന്നു ഇത്.

4.0 ലിറ്റര്‍ സ്‌ട്രേറ്റ് സിക്‌സ് എഞ്ചിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ല്‍. ഈ എഞ്ചിന്‍ 282 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗം മണിക്കൂറില്‍ 228 കിലോമീറ്ററാണ്.