News

മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് യാത്രാകപ്പല്‍

ഇന്ത്യയിലെ ആദ്യത്തെ യാത്രാകപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ പുതുതായി പണിത തുറമുഖത്തു നിന്നും ആന്‍ഗ്രിയ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ഗോവയിലേയ്ക്ക് തിരിച്ചു. പരീക്ഷണ ഓട്ടമാണ് കപ്പല്‍ നടത്തുന്നത്. മുംബൈ തുറമുഖ വകുപ്പിന്‍റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് ആന്‍ഗ്രിയ യാത്രാകപ്പല്‍.

മുംബൈ മുതല്‍ ഗോവ വരെ യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക്‌ 7000 രൂപയാണ് ചെലവ്. വിമാനം, ബസ്‌, ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്നും ഗോവയിലെത്താന്‍ ചെലവും സമയവും കുറവാണ്. എന്നാല്‍ ഈ കപ്പലിലൂടെയുള്ള യാത്ര ഒരനുഭവം തന്നെയാകും. കപ്പലിനകത്ത് വ്യത്യസ്ഥ രുചികള്‍ ലഭ്യമാകുന്ന എട്ടു ഭക്ഷ്യശാലകള്‍, കോഫീ ഷോപ്പ്, സ്വിമ്മിംഗ് പൂള്‍, ഹാളുകള്‍ എന്നിവ സഞ്ചാരികള്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് കടല്‍ വിഭവങ്ങളോടു കൂടിയ രണ്ടു നേരത്തെ ഭക്ഷണവും ഇടനേരത്തെ ഭക്ഷണവും നല്‍കും. കൂടാതെ സ്വിമ്മിംഗ് പൂളില്‍ കുളിക്കാനുള്ള സൗകര്യവുമുണ്ട്. കപ്പലില്‍ വെച്ച് വിവാഹം കഴിക്കാനും മീറ്റിംഗ് കൂടാനും പ്രത്യേകം ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബുധനാഴ്ചകളില്‍ വൈകീട്ട് അഞ്ചു മണിക്ക് മുംബൈ തുറമുഖത്തുനിന്നും പുറപ്പെടുന്ന കപ്പല്‍ അടുത്ത ദിവസം രാവിലെ ഒമ്പതു മണിക്ക് ഗോവയിലെത്തും. കൂടാതെ ഇടവിട്ട ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകും.