News

പുത്തന്‍ പേരില്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍

രാജ്യതലസ്ഥാനത്ത് സൗത്ത് ക്യാംപസ്, മോത്തിബാഗ് എന്നിവ ഉള്‍പ്പെടെ പത്തു മെട്രോ സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ പേര്. സ്‌റ്റേഷനുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റം.


പിങ്ക് ലൈനിലുള്ള സൗത്ത് ക്യാംപസ് മെട്രോ സ്‌റ്റേഷന്‍ ഇനി ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് എന്നും മോത്തിബാഗ് ഇനി സര്‍ വിശ്വേശ്വരയ്യ മോത്തിബാഗ് എന്നുമാണ് അറിയപ്പെടുക.

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരിടുന്നത് അവരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാംപസിന്റെ ഭാഗമായിട്ടുള്ള ശ്രീ വെങ്കിടേശ്വര കോളജ് സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതിനാലാണ് ക്യാംപസിനു സമീപമുള്ള മെട്രോ സ്റ്റേഷനു ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരു നല്‍കുന്നത്.

മെട്രോ സ്റ്റേഷനുകളില്‍ വനിതകളുടെ പേരു നല്‍കിയിട്ടുള്ള ഏക സ്റ്റേഷനും ഇതാണ്. എന്‍ജിനീയറും പണ്ഡിതനുമെന്ന നിലയില്‍ വിഖ്യാതനായിരുന്ന സര്‍ വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് മോത്തിബാഗ് സ്റ്റേഷന്റെ പേരു മാറ്റുന്നത്.

പേരുമാറ്റിയ വയലറ്റ് ലൈനിലെ സ്റ്റേഷനുകള്‍ ഇവയാണ് – തുഗ്‌ളക്കാബാദ് സ്റ്റേഷന്‍ (തുഗ്‌ളക്കാബാദ്), ഹര്‍കേഷ് നഗര്‍ ഓഖ്ല (ഓഖ്ല), ബദര്‍പുര്‍ ബോര്‍ഡര്‍ (ബദര്‍പുര്‍). മജന്ത ലൈന്‍ – ഓഖ്‌ല എന്‍എസ്‌ഐസി (ഓഖ്‌ല ഫേസ് 3). ഗ്രീന്‍ ലൈന്‍- ഗവ്‌റ മെട്രോ സ്റ്റേഷന്‍ (ഗവ്‌റ). മറ്റു സ്റ്റേഷനുകള്‍: നജഫ്ഗഡ് (മുനിസിപ്പല്‍ കോര്‍പറേഷന്‍ ), നംഗ്ലി (നജഫ്ഗഡ് ഡിപ്പോ സ്റ്റേഷന്‍).