Middle East

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും.

സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.